ഇറാഖി ക്രൈസ്തവരുടെ വീടും സ്വത്തും തിരിച്ചു നൽകുന്നതിനുള്ള പദ്ധതിയുമായി പ്രമുഖ ഷിയാ നേതാവ്

0

ബാഗ്ദാദ്: ഇറാഖിൽ നിന്നും പലായനം ചെയ്ത ക്രൈസ്തവരെ ഇറാഖിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഇസ്ലാം മതസ്ഥർ കൈവശപ്പെടുത്തിയ ക്രൈസ്തവരുടെ ഭവനങ്ങളും ഭൂമിയും തിരിച്ചു നൽകുന്നതിനുള്ള പദ്ധതിയുമായി പ്രമുഖ മുസ്ലീം പുരോഹിതൻ രംഗത്ത്. ഇതിന്റെ ഭാഗമായി ക്രൈസ്തവരിൽ നിന്നും അനധികൃതമായി പിടിച്ചെടുത്ത വീടുകളും സ്വത്തുവകകളും സംബന്ധിച്ച പരാതികൾ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനുമായി ഷിയാ നേതാവും, സദ്രിസ്റ്റ് പാർട്ടി തലവനുമായ മുഖ്താദ അൽ സദർ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ക്രൈസ്തവ സഹോദരൻമാർക്ക് ലഭിക്കേണ്ട നീതി നേടിക്കൊടുക്കുകയും, ക്രിസ്ത്യാനികളുടെ സ്വത്തവകാശ ലംഘനങ്ങൾ തടയുകയുമാണ് കമ്മിറ്റിയുടെ പ്രധാന ദൗത്യം.

ഷിയാ വിഭാഗത്തിൽപ്പെട്ട മുസ്ലീങ്ങൾ കൈവശപ്പെടുത്തിയ ക്രൈസ്തവരുടെ ഭൂമിയാണ് കമ്മറ്റിയുടെ പരിഗണനയിലുള്ളത്. തങ്ങളുടെ വീടിന്റേയും ഭൂമിയുടേയും ഉടമാസ്ഥാവകാശം സംബന്ധിച്ച പരാതികളും രേഖകളും ഹാജരാക്കേണ്ട കമ്മിറ്റി അംഗങ്ങളുടെ പേരുവിവരങ്ങൾ ഉൾപ്പെടുന്ന പ്രസ്താവന ഈ മാസം ആദ്യം പുറത്തുവിട്ടിരിന്നു. സമീപ കാലത്തായി രാജ്യം വിട്ട ക്രൈസ്തവരുടെ സ്വത്തുവിവരങ്ങളും കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. അടുത്ത റമദാൻ അവസാനിക്കുന്ന മെയ് 11ന് മുൻപായി പരാതികൾ സമർപ്പിക്കണമെന്നാണ് പ്രസ്താവനയിൽ പറയുന്നത്.

ഇക്കഴിഞ്ഞ ജനുവരി 3ന് അൽ സദർ അയച്ച പ്രതിനിധി സംഘം കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട രേഖകൾ ഇറാഖിലെ കൽദായ സഭയുടെ പാത്രിയാർക്കീസ് ലൂയീസ് റാഫേൽ സാകോക്ക് കൈമാറിയെന്നു റിപ്പോർട്ടുണ്ട്. അൽ സദറിന്റെ ഉദ്യമത്തിന് പാത്രിയാർക്കീസ് നന്ദി അറിയിച്ചു. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇറാഖിൽ അധിനിവേശം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികളുടെ ക്രൂരതകൾ താങ്ങുവാൻ കഴിയാതെ മൊസൂളിൽ നിന്നും, നിനവേ മേഖലയിൽ നിന്നും നിരവധി ക്രൈസ്തവരാണ് തങ്ങളുടെ വീടും സ്വത്തുവകകളും ഉപേക്ഷിച്ച് പലായനം ചെയ്തത്. പലായനം ചെയ്ത ക്രൈസ്തവരിൽ കുറച്ചുപേരേയെങ്കിലും തിരികെ കൊണ്ടുവരുവാൻ അൽ സദറിന്റെ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരുന്ന മാർച്ചിൽ ഫ്രാൻസിസ് പാപ്പ ഇറാഖ് സന്ദർശിക്കുവാനിരിക്കേയാണ് അൽ സദറിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

You might also like