ക്രൈസ്തവപീഡ വീണ്ടും: ഫ്രാൻസിൽ ഗ്രീക്ക് ഓർത്തഡോക്‌സ് വൈദികനു വെടിയേറ്റു

0

ലിയോൺ: ഫ്രാൻസിൽ നീസ് ബസിലിക്ക ദേവാലയത്തിൽ ഇസ്ലാമിക തീവ്രവാദി നടത്തിയ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറും മുൻപ് ഭീകരവാദി നടത്തിയ വെടിവയ്പിൽ ഗ്രീക്ക് ഓർത്തഡോക്‌സ് വൈദികനു ഗുരുതര പരിക്ക്. തിരുക്കർമങ്ങൾക്കു ശേഷം ദേവാലയം പൂട്ടുകയായിരുന്ന ഫ്രഞ്ച് നഗരമായ ലിയോൺ നഗരത്തിലെ വൈദികനെയാണു ഭീകരവാദി വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

അക്രമിയുടെ വെടിയേറ്റ് വീണ വൈദികന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. കറുത്ത റെയിൻകോട്ടും കറുത്ത തൊപ്പിയും ധരിച്ചെത്തിയ കോട്ടിനുള്ളിൽ ഒളിപ്പിച്ചു വച്ച തോക്കുകൊണ്ടു വൈദികനെ വെടിവച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഏഴ് മണിയോടെ അക്രമിയെന്ന് സംശയിക്കപ്പെടുന്നയാളെ അടുത്തുള്ള ഒരു കബാബ് കടയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഭീകരവാദവുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അന്വേഷണം ആരംഭിച്ചതായി ലിയോൺ പബ്ളിക്ക് പ്രോസിക്യൂട്ടറുടെ കാര്യാലയത്തിൽ നിന്ന് അറിയിച്ചു. ലിയോണിലെ പ്രാദേശിക ഗ്രീക്ക് ഓർത്തഡോക്സ് സമൂഹത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന ഭിന്നതയുടെ ഭാഗമായാണോ സംഭവം ഉണ്ടായതെന്നും അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണ ഫ്രാൻസിലെ നീസ് നഗരത്തിലെ ദൈവമാതാവിന്റെ നാമത്തിലുള്ള ബസിലിക്കയിൽ ആരാധനയ്ക്കായി വന്ന മൂന്നുപേരെ ഭീകരവാദി കൊല്ലുകയും ആറുപേരെ പരിക്കേല്പിക്കുകയും ചെയ്തിരുന്നു. ഒരു എഴുപതുകാരിയെ കഴുത്തറത്തും മറ്റു രണ്ടുപേരെ കുത്തിയുമാണു കൊന്നത്. ഇതിൽ യൂറോപ്പിലാകെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ് പുതിയ ആക്രമണം. അതേസമയം നീസിലെ തീവ്രവാദിയാക്രമണത്തിൽ ഒരാളെക്കൂടി ഫ്രഞ്ച് പോലീസ് അറസ്റ്റുചെയ്തു. അക്രമിയുമായി ബന്ധം പുലർത്തിയതിന്‌ വെള്ളിയാഴ്ച പോലീസ് അറസ്റ്റുചെയ്ത 47-കാരൻറെ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് മൂന്നാമൻ അറസ്റ്റിലായത്. 33-കാരനായ ടൂണീഷ്യൻ സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യംചെയ്തു വരുകയാണെന്ന് പോലീസ് അറിയിച്ചു.

You might also like