ചരിത്ര പ്രസിദ്ധമായ അർമേനിയൻ ക്രൈസ്തവ കത്തീഡ്രലിനു നേരെ അസർബൈജാൻറെ ആക്രമണം

0 403

ഷൂഷാ: അസർബൈജാൻ പട്ടാളം നാഗാർണോ കരാബാക്ക് മേഖലയിൽ നടത്തിയ ആക്രമണത്തിൽ ചരിത്രപ്രധാനമായ അർമേനിയൻ ക്രൈസ്തവ കത്തീഡ്രലിനു വ്യാപകനാശം. ഷൂഷാ നഗരത്തിൽ സ്ഥിതി ചെയ്യുന്ന അർമേനിയൻ അപ്പസ്‌തോലിക സഭയിലെ അർത്സാഖ് രൂപതാ മെത്രാന്റെ ആസ്ഥാനമായ ഹോളി സേവ്യർ കത്തീഡ്രലിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അസർബൈജാൻ പട്ടാളം നടത്തിയ ഷെല്ലാക്രമണത്തിൽ നിലംപൊത്തി. ദേവാലയത്തിനകത്തും വ്യാപക നാശമുണ്ടായതായി അർമേനിയൻ ഭരണകൂടം പുറത്തുവിട്ട ചിത്രങ്ങളിൽ വ്യക്തമാണ്.

ആക്രമണം നടന്ന സമയത്ത് കുട്ടികളും മുതിർന്നവരും കത്തീഡ്രലിൽ അഭയം പ്രാപിച്ചിരിന്നെങ്കിലും ഇവർക്ക് പരിക്കുകൾ ഇല്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ദേവാലയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് അസർബൈജാൻറെ വാദം. 1887ൽ പണി തീർത്ത ഈ കത്തീഡ്രൽ ദേവാലയത്തിന് നേരെ 1920ൽ അസർബൈജാൻകാർ അർമേനിയൻ വംശജരെ കൂട്ടക്കൊല ചെയ്തതിനിടയിലും ആക്രമണം ഉണ്ടായിരിന്നു. തുടർച്ചയായ ആക്രമണങ്ങൾക്ക് ഒടുവിൽ 1990ലാണ് ദേവാലയത്തിന്റെ നവീകരണം പൂർത്തിയായത്.

നാഗാർണോ കരാബാക്ക് അതിർത്തിയെ ചൊല്ലി അർമേനിയയും അസർബൈജാനും കഴിഞ്ഞമാസം 27ന് ആരംഭിച്ച സൈനിക ഏറ്റുമുട്ടലിൽ ഇതിനോടകം മൂന്നൂറിലധികം പേർക്കാണ് ജീവൻ നഷ്ട്ടമായിരിക്കുന്നത്. സമാധാന ആഹ്വാനവുമായി ലോക രാജ്യങ്ങൾ സജീവമാണെങ്കിലും ആക്രമണം രൂക്ഷമാണ്. റഷ്യയും ഫ്രാൻസും യുഎസും അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര നിരീക്ഷകർ അസർബൈജാന്റെ വിദേശ മന്ത്രിയുമായിഇന്നലെ ജനീവയിൽ ചർച്ച നടത്തി. അർമേനിയൻ വിദേശകാര്യമന്ത്രി മോസ്‌കോയിൽ റഷ്യൻ നേതാക്കളുമായി ചർച്ച നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം പ്രശ്നം വഷളാക്കുന്നത് തുർക്കിയാണെന്ന ആരോപണവും ശക്തമാണ്.

You might also like
WP2Social Auto Publish Powered By : XYZScripts.com