ജനീവയിൽ പൊതു ആരാധനകൾക്കു ഏർപ്പെടുത്തിയ വിലക്ക് കോടതി റദ്ദാക്കി

0

ജനീവ: ‘ലോകത്തിന്റെ മനുഷ്യാവകാശങ്ങളുടെ തലസ്ഥാനം’ എന്നറിയപ്പെടുന്ന സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൊതു ആരാധനകൾക്കേർപ്പെടുത്തിയ വിലക്ക് സ്വിസ്സ് കോടതി താൽക്കാലികമായി റദ്ദാക്കി. ഇക്കഴിഞ്ഞ ഡിസംബർ മൂന്നിനാണ് വിലക്ക് റദ്ദാക്കിക്കൊണ്ട് ജനീവ കാന്റണിലെ കോൺസ്റ്റിറ്റ്യൂഷണൽ ചേംബർ ഉത്തരവിട്ടത്. കൊറോണ വൈറസിന്റെ പകർച്ച തടയുന്നതിനായി പ്രാദേശിക അധികാരികൾ നവംബർ 1ന് ഏർപ്പെടുത്തിയ വിലക്കിനെതിരെ മതസംഘടനകളും വിശ്വാസികളും കോടതിയെ സമീപിച്ചതിനെ തുടർന്നാണ്‌ വിലക്ക് റദ്ദാക്കപ്പെട്ടത്. ഇതോടെ കോടതിയുടെ അന്തിമവിധി വരും വരെ ഇനിമുതൽ ജനീവയിലും പരിസര പ്രദേശങ്ങളിലും വിശ്വാസീ പങ്കാളിത്തത്തോടെയുള്ള പൊതു ആരാധനകൾക്കു അനുമതി ലഭിച്ചിരിക്കുകയാണ്. സ്വിറ്റ്സർലൻഡിലെ 26 കാന്റണുകളിൽ (ഭരണ വിഭാഗം) ഒന്നാണ് ജനീവ.

കാന്റണിൽ കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നതിന് ആരാധനാലയങ്ങൾ കാരണമായിട്ടില്ലെന്ന വസ്തുത കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മതപരമല്ലാത്ത പൊതു കൂട്ടായ്മകൾക്ക് വിലക്കേർപ്പെടുത്താത്ത സാഹചര്യത്തിൽ മതപരമായ ആരാധനകൾക്ക് വിലക്കേർപ്പെടുത്തിയ നടപടി വിവേചനപരമാണെന്നു സാമുവൽ സൊമ്മാരുഗാക്ക് വേണ്ടി കേസ് ഫയൽ ചെയ്ത അഭിഭാഷകനായ സ്റ്റീവ് ആൾഡർ പറഞ്ഞു. യൂറോപ്പിൽ പൊതു ആരാധനകൾക്കേർപ്പെടുത്തിയ ഏറ്റവും വലിയ വിലക്കുകളിലൊന്നാണ് ജനീവയിലേതെന്ൻ ആൾഡർ ചൂണ്ടിക്കാട്ടി. വിലക്ക് നടപ്പിലാക്കുന്നത് സ്വിസ്സ് ഭരണഘടനയിൽ ഉറപ്പുനൽകിയിരിക്കുന്ന മതസ്വാതന്ത്ര്യത്തിന്റേയും, അന്താരാഷ്‌ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളുടേയും ലംഘനമാണെന്നും ആൾഡർ കൂട്ടിച്ചേർത്തു.

വിലക്കിനെതിരായ കേസിനെ പിന്താങ്ങിക്കൊണ്ട് പ്രമുഖ മനുഷ്യാവകാശ സംഘടനയായ എ.ഡി.എഫ് ഇന്റർനാഷ്ണലും രംഗത്തെത്തിയിരുന്നു. ‘ശരിയായ ദിശയിലുള്ള സുപ്രധാന നടപടി’ എന്നാണ് വിലക്ക് റദ്ദാക്കിക്കൊണ്ടുള്ള കോടതി ഉത്തരവിനെ ‘എ.ഡി.എഫ്’ന്റെ ലീഗൽ കൗൺസൽ ആയ ജെന്നിഫർ ലീ വിശേഷിപ്പിച്ചത്. വിലക്ക് റദ്ദാക്കിയതിന്റെ പിന്നാലെ പൊതു ആരാധനകളിൽ 50 പേരിൽ കൂടുതൽ പാടില്ലെന്നും, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായും പാലിച്ചിരിക്കണമെന്നും ജനീവയിലെ കത്തോലിക്കാ സഭ വിശ്വാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

You might also like