ജെറുസലേമിലെ ടവർ ഓഫ് ഡേവിഡ് മ്യൂസിയത്തിൽ പഠനം നടത്തി പുതിയമുഖം നൽകാൻ ഇസ്രായേലി ഗവേഷകർ

0

ജെറുസലേമിലെ പ്രശസ്തമായ ടവർ ഓഫ് ഡേവിഡ് മ്യൂസിയത്തിൽ ഉദ്ഖനനവും നവീകരണ പ്രവർത്തനങ്ങളും വഴി പുതിയമുഖം നൽകാനുളള പ്രവർത്തനങ്ങളുമായി ഒരു കൂട്ടം ഇസ്രായേലി ഗവേഷകർ. പഴയ നഗരത്തിലേക്കുള്ള പ്രവേശന പാതയിലാണ് ദാവീദിന്റെ ഗോപുരം നിലകൊള്ളുന്നത്. നൂറുകണക്കിന് വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ ഇത്തരത്തിൽ ഒരു നവീകരണ പ്രവർത്തനം നടക്കുന്നത്. അഞ്ഞൂറോളം വർഷങ്ങൾക്കു മുൻപ് മുസ്ലിം രാജാവായിരുന്ന സുലൈമാനാണ് ഇവിടെ ഏറ്റവുമൊടുവിലായി നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. കൊറോണ വൈറസ് മൂലം ജെറുസലേമിലേക്കുള്ള തീർത്ഥാടകരുടെ ഒഴുക്കിൽ ഗണ്യമായ കുറവ് വന്നത് ഗവേഷകർക്ക് ഗുണകരമായെന്നും ഇതൊരു അപൂർവ്വ അവസരമാണെന്നും ജറുസലേമിലെ ചീഫ് ആർക്കിയോളജിസ്റ്റായ അമിത്ത് റീം സിബിഎൻ ന്യൂസിനോട് പറഞ്ഞു.

ജെറുസലേമിലെ ഒരു പ്രധാനപ്പെട്ട പ്രതീകത്തെ പറ്റി ആഴത്തിൽ മനസ്സിലാക്കാൻ എല്ലാദിവസവും അവസരം ലഭിക്കില്ലെന്നും മറഞ്ഞിരുന്ന ഇടനാഴികളും, പഴയ മതിലുകളും ഉൾപ്പെടെ നിരവധി നിർമ്മിതികൾ കണ്ടെത്താൻ സാധിച്ചെന്നും നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അമിത്ത് റീം പറയുന്നു. കുരിശുയുദ്ധക്കാർ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന ഒരു ഇടനാഴി ഗവേഷകർക്ക് കണ്ടെത്താനായി. കൂടാതെ യേശുക്രിസ്തു ഹേറോദേസിനെ കണ്ട സ്ഥലവും ഇവിടെയാണ് എന്നാണ് കരുതപ്പെടുന്നത്.

തീർത്ഥാടകർക്ക് വേണ്ടി മ്യൂസിയം നവീകരിക്കുന്നത് ഒരു വലിയ പദ്ധതിയാണെന്ന് ടവർ ഓഫ് ഡേവിഡ് മ്യൂസിയത്തിന്റെ ഡയറക്ടർ പദവി വഹിക്കുന്ന എയ്ലാത്ത് ലീബർ പറഞ്ഞു. ജെറുസലേമിന്റെ ചരിത്രമറിയണമെങ്കിൽ മ്യൂസിയം സന്ദർശിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നവീകരണം നടത്തിയ മ്യൂസിയത്തിലേക്ക് തീർത്ഥാടകരെ ക്ഷണിക്കുന്ന ദിവസം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എയ്ലാത്ത് ലീബർ. നവീകരണ പ്രവർത്തനങ്ങളും, ഗവേഷണവും ജറുസലേമിന്റെ ചരിത്രത്തിന് ജീവൻ നൽകുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേലി ഗവേഷകർ.

You might also like