ട്രംപിന്റെ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ മെനയുന്ന സംഘത്തിൽ കുമ്പനാട്ടുകാരൻ സ്റ്റാൻലി ജോർജ്

0

പത്തനംതിട്ട: നവംബർ മൂന്നിനു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾ‍ഡ് ട്രംപിന്റെ പ്രചാരണ സംഘത്തിൽ കുമ്പനാട് സ്വദേശിയും. റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ മെനയുന്ന സംഘത്തിലെ അംഗമാണ് ഐ.പി.സി മുൻ ജനറൽ കൗൺസിൽ മെമ്പറും, പി.വൈ.പി.എ മുൻകാല പ്രവർത്തകനുമായ കുമ്പനാട് വാക്കേപ്പടിക്കൽ സ്റ്റാൻലി ജോർജ്.

യുഎസിലെ മുതിർന്ന രാഷ്ട്രീയ തന്ത്രജ്ഞൻ എഡ്. റോളിൻസിന്റെ അസോഷ്യേറ്റായി 20 വർഷമായി സ്റ്റാൻലി ജോലി ചെയ്യുന്നു. മാർച്ച് മുതൽ ട്രംപിന്റെ പ്രചാരണ സംഘത്തിലുണ്ട്. നാട്ടിലെ പ്രചാരണ പരിപാടികളുമായി ഒരു സാമ്യവുമില്ലെങ്കിലും തിരഞ്ഞെടുപ്പു കാലം വോട്ടു പിടിക്കാനിറങ്ങുന്ന മലയാളിയുടെ ആവേശം സ്റ്റാൻലിയുടെ ഓരോ നീക്കങ്ങളിലുമുണ്ട്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ വോട്ടർമാരെ പ്രചാരണത്തിന് ഇറക്കുക, പ്രചാരണ വിഷയങ്ങൾ പഠിപ്പിക്കുക, താഴേത്തട്ടിലുള്ള പ്രവർത്തകരെ ആവേശം കൊള്ളിക്കുക, തന്ത്രങ്ങളെക്കുറിച്ചു ബോധവൽക്കരിക്കുക തുടങ്ങിയവയാണ് സ്റ്റാൻലിയുടെ ചുമതലകൾ. പ്രചാരണത്തിനുള്ള ഫണ്ട് കണ്ടെത്തണം.

ഇടയ്ക്കിടെ സർവേ നടത്തി ട്രെൻഡ് മനസ്സിലാക്കണം,കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചകൾ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ പ്രചാരണങ്ങളിൽ നിന്ന് ജന ശ്രദ്ധ തിരിക്കുക തുടങ്ങിയവയും സംഘത്തിന്റെ ചുമതലയാണ്. തിരുവല്ല മാർത്തോമ്മാ കോളജിലും ബെംഗളൂരു എൻ.ഐ.ഐ.ടി യിലുമാണ് സ്റ്റാൻലി പഠിച്ചത്. കെ.എസ്‌.യു സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

പരേതനായ പാസ്റ്റർ വി.സി ജോർജിൻ്റെ മകനാണ് സ്റ്റാൻലി. ഭാര്യ: ഷിർലി. മക്കൾ: ഷേബ, ഷെറിൻ, സ്റ്റെയ്സി, സ്റ്റെയ്സൺ, ഷെയ്ന.

You might also like