തണുത്തുറഞ്ഞ വെള്ളത്തിൽ യേശുവിലുള്ള വിശ്വാസത്തിന് സാക്ഷ്യമേകി റഷ്യൻ പ്രസിഡൻറ് പുടിൻ

0

മോസ്‌കോ: റഷ്യൻ ഓർത്തഡോക്‌സ് സഭ യേശു ക്രിസ്തുവിന്റെ ജ്ഞാനസ്‌നാന തിരുനാൾ ദിനമായി കൊണ്ടാടിയ ജനുവരി 19നു തണുത്തുറഞ്ഞ വെള്ളത്തിൽ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യമേകി പ്രസിഡൻറ് വ്ലാഡിമിർ പുടിൻ. മോസ്‌കോയ്ക്ക് സമീപമുള്ള ദേവാലയത്തിലെ, കുരിശ് ആകൃതിയിൽ നിർമിച്ച കുളത്തിൽ മൂന്നു പ്രാവശ്യം മുങ്ങി കുരിശ് വരച്ചുകൊണ്ടാണ് അദ്ദേഹം ജ്ഞാനസ്‌നാന വ്രത നവീകരണം നടത്തി ക്രിസ്തുവിന് സാക്ഷ്യമേകിയത്. മോസ്കോയിൽ അന്തരീക്ഷ താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസായിരിക്കുമ്പോഴാണ് അദ്ദേഹം തണുപ്പിനെ അവഗണിച്ച് തന്റെ വിശ്വാസം വീണ്ടും പരസ്യമായി പ്രഘോഷിച്ചതെന്നത് ശ്രദ്ധേയമാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
യേശുക്രിസ്തു ജോർദാൻ നദിയിൽവെച്ച് സ്നാപക യോഹന്നാനിൽ ജ്ഞാനസ്‌നാനം സ്വീകരിച്ചതിന്റെ ഓർമ പുതുക്കാൻ ഓർത്തഡോക്‌സ് സഭകളിൽ ഏറെ പ്രസിദ്ധമായ ആചാരമാണ് പരസ്യമായ സ്നാനം. ജൂലിയൻ കലണ്ടർ പിന്തുടരുന്നതിനാൽ ക്രിസ്മസ് ജനുവരി ഏഴിനും ദനഹാ തിരുനാൾ ജനുവരി 19നുമാണ് ഓർത്തഡോക്‌സ് സഭ ആചരിക്കുന്നത്. മുൻ വർഷങ്ങളിലും ജ്ഞാനസ്നാന തിരുനാൾ ദിനത്തിലെ ഈ ആചരണത്തിൽ റഷ്യൻ പ്രസിഡൻറ് മുടക്കം വരുത്തിയിരിന്നില്ല. തന്റെ ക്രൈസ്തവ വിശ്വാസവും ക്രിസ്തീയ ധാർമ്മിക മൂല്യങ്ങൾക്കുള്ള പ്രസക്തിയും പരസ്യമായി പ്രഘോഷിക്കുന്ന വ്യക്തിയാണ് വ്ലാഡിമാർ പുടിൻ.

റഷ്യൻ ക്രൈസ്തവരിലെ ഭൂരിഭാഗവും റഷ്യൻ ഓർത്തഡോക്സ് സഭാംഗങ്ങളാണ്. ഓർത്തഡോക്സ് സഭയും സർക്കാരും തമ്മിൽ ശക്തമായ ബന്ധമാണുള്ളത്. ശക്തമായ പ്രോലൈഫ് ചിന്താഗതിയുള്ള പുടിൻ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും വായ്പാ ഇളവുകളും നൽകുന്ന പദ്ധതി പുടിൻ ഭരണകൂടം പ്രഖ്യാപിച്ചിരിന്നു. ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ നിരീശ്വര രാജ്യമായിരിന്ന കമ്മ്യൂണിസ്റ്റ് റഷ്യ ഇന്നു ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ വിളനിലമാണ്. 2009-ൽ ഉണ്ടായിരുന്നതിനേക്കാൾ പതിനായിരത്തിലധികം ദേവാലയങ്ങളാണ് 2019 ആയപ്പോഴേക്കും റഷ്യയിൽ വർദ്ധിച്ചത്.

You might also like