തേങ്ങ മുത്തച്ഛൻ,​ 100 നോട്ടൗട്ട്; ഗിന്നസിൽ കയറാനൊരു നാളികേരം

0

ആലപ്പുഴ: ഒരു തേങ്ങയ്ക്ക് എത്ര നാളുണ്ടാവും ആയുസ്? ഒന്നുകിൽ അടുക്കളയിലെത്തും വരെ, അല്ലെങ്കിൽ ആട്ടി എണ്ണയാക്കും വരെ. എന്നാൽ, ആലപ്പുഴ ബീച്ച്‌ വാർഡിലെ ദാറുൽ നാസർ എന്ന പുരാതന തറവാട് ഒരു തേങ്ങയുമായി ഗിന്നസ് ബുക്കിലേക്ക് നീങ്ങുകയാണ്. 100 വർഷം പഴക്കമുള്ളൊരു തേങ്ങ!

കഥയിങ്ങനെ: നൂറ് വർഷം മുമ്ബാണ് വണ്ടാനം നീർക്കുന്നം തെക്കേതിൽ ഹസൻകുട്ടി ആലപ്പുഴ കടൽത്തീരത്ത് പലവ്യഞ്ജനക്കട ആരംഭിച്ചത്. നല്ല കച്ചവടം കിട്ടാനും കണ്ണേറ് കിട്ടാതിരിക്കാനുമായി നാട്ടുകാരനായ തങ്ങൾ മന്ത്രം ചൊല്ലി ഓതിയ തേങ്ങയും കുപ്പിയിലെ മന്ത്രത്തകിടും നൽകി,​ കടയിൽ തൂക്കിയിടാൻ.
ഹസൻകുട്ടി മരിച്ചപ്പോൾ കടയുടെ ചുമതല മകൻ ഉമ്മർ ഹാജിക്കായി. ഹാജിയുടെ മരണത്തോടെ മകൻ മുഹമ്മദ് നാസറാണ് നിലവിൽ കടയുടമ.1989 ൽ ബൈപ്പാസിന് സ്ഥലം ഏറ്റെടുത്തതോടെ കടയ്ക്ക് സ്ഥാനമാറ്റമുണ്ടായി. കടൽത്തീരത്തെ പുതിയ മുറിയിലേക്ക് കച്ചവടം മാറ്റിയപ്പോഴും നാളികേരത്തെ ഒപ്പം കൂട്ടി. ഇന്നും കടമുറിയിൽ ഭദ്രമായിരിക്കുന്നു. നേരിയ വിള്ളലൊഴികെ യാതൊരു തകരാറും പുറമേയ്ക്കില്ല. ഒപ്പമുണ്ടായിരുന്ന കുപ്പിയും തകിടുമൊക്കെ ഔട്ടായിട്ടും തേങ്ങ മുത്തച്ഛൻ കടയ്‌ക്ക് കാവലുണ്ട്!

തൂക്കിയിടാൻ ആകാത്തതിനാൽ കടയിലെ പലകപ്പുറത്താണ് ഇപ്പോൾ സ്ഥാനം. കടയിൽ എലിശല്യമുണ്ടെങ്കിലും കക്ഷിയെ അക്രമിക്കാറില്ലെന്ന് നാസർ പറയുന്നു. തറവാട്ടിലെ തന്നെ നാളികേരമാണെന്നാണ് നാസറിന്റെ അറിവ്. മകൻ ഇബ്രാഹിമിന് കട കൈമാറ്റം ചെയ്യുമ്ബോൾ തേങ്ങയും ഒപ്പം നൽകും.

കടയിലെത്തുന്ന പഴമക്കാർക്കും പുതുതലമുറക്കാർക്കും നാളികേരം ഒരുപോലെ പരിചിതമാണ്. ഗിന്നസ് ബുക്കിൽ സ്ഥാനം പിടിക്കേണ്ടതാണെന്ന പക്ഷവുമായി അതിനുള്ള കത്തിടപാടുകൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.

ഈർപ്പം തട്ടാതെ സൂക്ഷിച്ചാൽ ദീർഘവർഷം തേങ്ങയുടെ പുറംഭാഗവും ചിരട്ടയും നശിക്കില്ല. കാമ്ബ് നശിച്ചിട്ടുണ്ടാവും. ഇത്ര പഴക്കമുള്ളത് മുമ്ബ് ശ്രദ്ധയിൽപ്പെട്ടിട്ടില്ല

ഡോ. എസ്. കലാവതി, പ്രിൻസിപ്പൽ സയന്റിസ്റ്റ്,

സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്, കായംകുളം

You might also like