പതിമൂന്നുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തു. സംഭവത്തിൽ വ്യാപക പ്രതിഷേധം

0

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിലെ റെയിൽവേ കോളനി നിവാസിയായ ആർസൂ മസിയെന്ന പതിമൂന്നുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം ചെയ്ത സംഭവത്തിൽ സർക്കാർ ഇടപെടണമെന്നു ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ ധർണ്ണ നടത്തി. ‘ആർസൂവിനെ തിരികെ തരൂ’, ‘തട്ടിക്കൊണ്ടുപോയവരെ ശിക്ഷിക്കൂ’ എന്നീ മുദ്രാവാക്യങ്ങളുമായി ഒക്ടോബർ 24ന് കറാച്ചി പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ധർണ്ണയിൽ ക്രൈസ്തവർക്കും, ഹൈന്ദവർക്കും പുറമേ ഏതാനും മുസ്ലീങ്ങളും പങ്കെടുത്തു. രാഷ്ട്രീയ പാർട്ടികളുടേയും, മനുഷ്യാവകാശ സംഘടനകളുടേയും സഹായത്തോടെ പാക്കിസ്ഥാനിലെ ‘നാഷ്ണൽ പീസ്‌ കമ്മിറ്റി ഇന്റർഫെയിത്ത് ഹാർമണി’യാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. ആർസൂവിന് നീതി ലഭിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് നാഷണൽ പീസ്‌ കമ്മിറ്റിയുടെ സിന്ധ് മേഖലാ ചെയർമാനായ നസീർ റാസ പറഞ്ഞു.

മുസ്ലീങ്ങളല്ലാത്ത പെൺകുട്ടികളുടെ സംരക്ഷണത്തിന് ഫലപ്രദമായ നടപടികൾ എത്രയും പെട്ടെന്ന് രാജ്യത്തു കൈകൊള്ളണമെന്നും നസീർ റാസ പറഞ്ഞു. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയംഗവും സിന്ധ് പ്രവിശ്യയിലെ അസംബ്ലി പ്രതിനിധിയുമായ അന്തോണി നവീദും ധർണ്ണയിൽ പങ്കെടുത്തിരുന്നു. കേസിന്റെ വിചാരണ ആരംഭിച്ചുവെന്നും അധികം താമസിയാതെ തന്നെ തീർപ്പുണ്ടാകുമെന്നും നവീദ് അന്തോണി പറഞ്ഞു. ആർസൂവിന് പ്രായപൂർത്തിയായിട്ടില്ലെന്നു വ്യക്തമാക്കുന്ന രേഖകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ മനുഷ്യജീവിക്കും സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്നും, നിർബന്ധമായി മതപരിവർത്തനം ചെയ്യുവാനോ, വിവാഹം ചെയ്യുവാനോ ആർക്കും അധികാരമില്ലെന്നും മനുഷ്യാവകാശ കമ്മീഷന്റെ വൈസ് ചെയർമാനായ അസദ് ബട്ട് ചൂണ്ടിക്കാട്ടി. ശൈശവ വിവാഹത്തിന്റെ പരിധിയിൽ വരുന്നതാണ് ആർസൂവിന്റെ കേസെന്നും, ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് നിയമപരമായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഒക്ടോബർ 13നാണ് അലി അസ്ഹർ എന്ന നാൽപ്പതുകാരനായ മുസ്ലീം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആർസു മസിയെന്ന ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.

പോലീസിൽ പരാതിപ്പെട്ടപ്പോൾ ആർസുവിന് പ്രായപൂർത്തിയായിട്ടുണ്ടെന്നും, അവൾ സ്വന്തം ഇഷ്ടപ്രകാരമാണ് അലി അസ്ഹറിന്റെ കൂടെ ഇറങ്ങിവന്നതെന്നും തെളിയിക്കുന്ന രേഖകൾ തട്ടിക്കൊണ്ടുപോയ വ്യക്തി ഹാജരാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ ഈ രേഖകൾ വ്യാജമാണെന്നാണ് ആർസുവിന്റെ കുടുംബാംഗങ്ങൾ പറയുന്നത്. മതന്യൂനപക്ഷങ്ങളിൽപ്പെട്ട പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധപൂർവ്വം വിവാഹം ചെയ്യുന്ന സംഭവങ്ങൾ പാക്കിസ്ഥാനിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിൽ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സാബിർ മൈക്കേൽ ആശങ്ക രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാന്റെ നില പരുങ്ങലിലാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

You might also like