പ്രതിഷേധത്തിന് പരിസമാപ്തി : പാക്ക് ക്രിസ്ത്യൻ പെൺകുട്ടി ആർസൂ രാജയുടെ മോചനത്തിനായി സിന്ധ് ഗവൺമെൻറ് ഇടപെടുന്നു.

0 390

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയിൽ തട്ടിക്കൊണ്ടുപോകലിനും നിർബന്ധിത മതപരിവർത്തനത്തിനും, വിവാഹത്തിനും ഇരയായ പതിമൂന്നു വയസുള്ള ആർസൂ രാജയെന്ന ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ആൾക്കൊപ്പം അയച്ച സിന്ധ് ഹൈക്കോടതിവിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിന്ധ് ഗവൺമെന്റ് കോടതിയെ സമീപിക്കുമെന്ന് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി.പി.പി) ചെയർപേഴ്സൺ ബിലാവൽ ഭൂട്ടോ സർദാരി. ആർസൂവിന്റെ കേസ് ബാലവിവാഹത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി കോടതി വിധി പുനഃപരിശോധിക്കണമെന്നും, ഇക്കാര്യത്തിൽ കോടതിക്ക് എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കണമെന്നും, ആർസൂവിന് നീതി ലഭിക്കുവാൻ കോടതിയാൽ കഴിയുന്നതെല്ലാം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിന്ധ് ഗവൺമെന്റ് (ജി.ഒ.എസ്) കോടതിയെ സമീപിക്കുമെന്ൻ സർദാരി വ്യക്തമാക്കിയതായാണ് ‘ഡോൺ’ റിപ്പോർട്ട് ചെയ്യുന്നത്.

പി.പി.പിയുടെ നേതൃത്വത്തിലുള്ള സിന്ധ് പ്രവിശ്യാ സർക്കാർ 2013-ൽ ബാല വിവാഹം നിരോധിച്ചുകൊണ്ടുള്ള സിന്ധ് ചൈൽഡ് മാര്യേജ് ആക്ട് പാസ്സാക്കിയിട്ടുള്ളതാണെന്നും നിയമം പ്രാബല്യത്തിൽ വരുത്തുവാൻ പാർട്ടി പോരാടുമെന്നും സർദാരിയുടെ ട്വീറ്റിൽ പറയുന്നു. ആർസൂവിന്റെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു പേർക്ക് കറാച്ചിയിലെ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സർദാരിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. അറസ്റ്റിലായ മൂന്നു പേരും അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ്‌ സെഷൻസ് ജഡ്ജി ഫൈസാ ഖലീല സമക്ഷം ജാമ്യത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു.

സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തിന് സമ്മതിച്ചതെന്ന പെൺകുട്ടിയുടെ മൊഴി സിന്ധ് ഹൈക്കോടതി മുൻപാകെ പ്രതിഭാഗം വക്കീൽ ഉന്നയിക്കുകയായിരുന്നു. എന്നാൽ ആർസൂവിന് 18 വയസ്സ് തികഞ്ഞുവെന്ൻ അവകാശപ്പെട്ടുകൊണ്ട്‌ അസ്ഹർ അലി സമർപ്പിച്ചിരിക്കുന്ന രേഖകൾ വ്യാജമാണെന്നാണ് തെളിവുകൾ സഹിതം ആർസൂവിന്റെ അമ്മ ചൂണ്ടിക്കാട്ടുന്നത്. ആർസൂവിന്റെ നിർബന്ധിത മതപരിവർത്തനവും ബാല വിവാഹവും പാക്കിസ്ഥാനിൽ വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. പാക്ക് ക്രൈസ്തവർ നേരിടുന്ന മതപീഡനത്തിൽ ഐക്യരാഷ്ട്ര സഭയും, പ്രമുഖ മനുഷ്യാവകാശ സംഘടനകളും നിഷ്ക്രിയരാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. ഓപ്പൺ ഡോഴ്സിന്റെ 2020-ലെ പട്ടികയനുസരിച്ച് ലോകത്ത് ക്രൈസ്തവർ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളിൽ അഞ്ചാമതാണ് പാക്കിസ്ഥാന്റെ സ്ഥാനം.

You might also like
WP2Social Auto Publish Powered By : XYZScripts.com