ബൈഡനും കമല ഹാരിസിനും വേണ്ടി പ്രാർത്ഥന ഉയരണം: അഭ്യർത്ഥനയുമായി ഫ്രാങ്ക്ലിൻ ഗ്രഹാം

0

വാഷിംഗ്‌ടൺ ഡി.സി: അമേരിക്കൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ബുധനാഴ്ചത്തെ കാപ്പിറ്റോൾ കലാപത്തെത്തുടർന്ൻ തെരഞ്ഞെടുപ്പ് വിജയികളായ ജോബൈഡനും, കമലാഹാരിസിനും വേണ്ടി പ്രാർത്ഥിക്കണമെന്ന ആഹ്വാനവുമായി പ്രശസ്ത വചനപ്രഘോഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാം. നിയുക്ത ഭരണാധികാരികൾക്ക് വേണ്ടി ക്രൈസ്തവർ പ്രാർത്ഥനയിൽ ഹൃദയങ്ങളെ ഒന്നിപ്പിക്കേണ്ട സമയമാണിതെന്നു ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ, സമരിറ്റൻ പഴ്സ് എന്നിവയുടെ പ്രസിഡന്റും സിഇഒയുമായ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ ട്വീറ്റിൽ പറയുന്നു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുവാൻ തയ്യാറാകാത്ത പ്രക്ഷോഭകർ നടത്തിയ കലാപത്തിൽ നാലു പേർ കൊല്ലപ്പെട്ടതാണ് ഡൊണാൾഡ് ട്രംപിന്റെ ഉറച്ച പിന്തുണക്കാരനായിരുന്ന ഫ്രാങ്ക്ലിൻ ഗ്രഹാമിനെ ഇത്തരത്തിൽ ആഹ്വാനം നൽകുവാൻ പ്രേരിപ്പിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു.

ആഭ്യന്തര യുദ്ധത്തിനു ശേഷമുള്ള എക്കാലത്തേയും വലിയ വിഭാഗീയതയാണ് ഇപ്പോൾ രാഷ്ട്രം നേരിടുന്നതെന്നും, രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് ഇരുപക്ഷവും ഉത്തരവാദികളാണെന്നും അമേരിക്കൻ ജനതയുടെ നന്മക്ക് വേണ്ടി ഇരുപക്ഷവും ഒരുമയോടെ പ്രവർത്തിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമെന്നും ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ ട്വീറ്റിൽ പറയുന്നു. “നമ്മുടെ രാഷ്ട്രം പ്രതിസന്ധിയിലാണ്. ദൈവത്തിന്റെ സൗഖ്യവും, സഹായവും നമുക്ക് ആവശ്യമുണ്ട്. നമ്മുടെ രാഷ്ട്രത്തിന്റെ സമാധാനത്തിനും സംരക്ഷണത്തിനും വേണ്ടി നമുക്കൊരുമിച്ച് മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കാം” ഫ്രാങ്ക്ലിൻ കുറിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ കലാപത്തെ അപലപിച്ചുകൊണ്ട് പ്രമുഖ കത്തോലിക്കാ മെത്രാന്മാരും, നേതാക്കളും രംഗത്തെത്തിയിരുന്നു.

You might also like