മാലിയിൽ സ്വിറ്റ്സർലൻഡ് സ്വദേശിനിയായ ക്രിസ്ത്യൻ മിഷ്ണറിയെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തി

0 392

ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ മാലിയിലെ തിമ്പുക്ടുവിൽ പ്രേഷിതവേലയിൽ സജീവമായിരിന്ന സ്വിറ്റ്സർലൻഡ് സ്വദേശിനിയായ ക്രിസ്ത്യൻ മിഷ്ണറിയെ മുസ്ലീം തീവ്രവാദികൾ കൊലപ്പെടുത്തി. അൽക്വയ്ദയുമായി ബന്ധമുള്ള ജമാഅത്ത്-അൽ നാസർ അൽ-ഇസ്ലാം (ജെ.എൻ.ഐ.എം) എന്ന തീവ്രവാദി സംഘടനയാണ് വടക്ക്-കിഴക്കൻ സ്വിറ്റ്സർലൻഡിലെ ബാസെൽ സ്വദേശിനിയായ ബിയാട്രിസ് സ്റ്റോയ്ക്ക്ളിയെ ക്രൂരമായി കൊലപ്പെടുത്തിയത്. 2016 മുതൽ ബിയാട്രിസ് തീവ്രവാദികളുടെ പിടിയിലായിരിന്നു. കൊലപാതക വിവരം സ്വിറ്റ്സർലൻഡ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

2012-ൽ ബിയാട്രിസിനെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയിരുന്നുവെങ്കിലും ഇനി മാലിയിലേക്ക് തിരികെ വരരുത് എന്ന ഉപാധിയോടെ പിന്നീട് വിട്ടയച്ചിരിന്നു. എന്നാൽ 2016-ൽ വീണ്ടും പിടിയിലായി. 2016 ജനുവരി 8ന് പിക്ക്അപ്പ് വാനുകളിൽ എത്തിയ ആയുധധാരികളായ തീവ്രവാദികൾ ബിയാട്രിസിനെ വീണ്ടും തട്ടിക്കൊണ്ടു പോവുകയായിരുന്നു. കറുത്ത തുണികൊണ്ട് മുഖം മറച്ച നിലയിലുള്ള ബിയാട്രിസിന്റെ വീഡിയോ പിറ്റേവർഷം പുറത്തുവിടുകയും ചെയ്തു. കഴിഞ്ഞ നാലു വർഷമായി ബിയാട്രിസിനെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങൾ മാലി സർക്കാരുമായി സഹകരിച്ച് നടത്തിവരികയായിരുന്നുവെന്നു ദുഃഖം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ സ്വിറ്റ്സർലൻഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സഹപൗര കൊല്ലപ്പെട്ട വിവരം ഖേദപൂർവ്വം അറിയിക്കുകയാണെന്നും ക്രൂരമായ പ്രവർത്തിയെ അപലപിക്കുകയും മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ൻ വിദേശകാര്യ മന്ത്രി ഇഗ്നാസിയോ കാസിസ് പറഞ്ഞു.നിലവിലെ സാഹചര്യം വ്യക്തമല്ലെങ്കിലും കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുമെന്നും ബിയാട്രിസിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുവാൻ വേണ്ടത് ചെയ്യണമെന്ന് മാലി സർക്കാരിനോട് ആവശ്യപ്പെടുമെന്നും സ്വിസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹേഗിലെ ജയിലിൽ കഴിയുന്ന തങ്ങളുടെ നേതാവിനെ വിട്ടയക്കണമെന്ന തീവ്രവാദികളുടെ ആവശ്യം സ്വിറ്റ്സർലൻഡ് നിരാകരിച്ചതിനെ തുടർന്നായിരുന്നു ബിയാട്രിസിന്റെ കൊലപാതകം.

You might also like
WP2Social Auto Publish Powered By : XYZScripts.com