വിവാദങ്ങള്‍ക്കൊടുവില്‍ യേശുവിനെ അനുഗമിക്കുന്നവന്‍ ഇനിമുതല്‍ ഇന്തോനേഷ്യന്‍ പോലീസിനെ നയിക്കും

0 412

ജക്കാര്‍ത്ത: കടുത്ത വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ പോലീസിനെ ക്രൈസ്തവ വിശ്വാസി നയിക്കും. പ്രൊട്ടസ്റ്റന്റ് സഭാംഗമായ കമ്മീഷണര്‍ ജെനറല്‍ ‘ലിസ്റ്റ്യോ സിജിറ്റ് പ്രാബോവോ’വിനെ നാഷ്ണല്‍ പോലീസിന്റെ പുതിയ തലവനായി ഇന്തോനേഷ്യന്‍ പാര്‍ലമെന്‍റ് അംഗീകരിക്കുകയായിരിന്നു. ജെനറല്‍ ഇദാം അസീസ്‌ വിരമിച്ചതിനെ തുടര്‍ന്നാണ്‌ നാഷണല്‍ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ തലവനും 51 കാരനുമായ ലിസ്റ്റ്യോ നാഷണല്‍ പോലീസ് മേധാവിയായി ഉയര്‍ത്തപ്പെട്ടത്.

പുതിയ പോലീസ് മേധാവി ഒരു മുസ്ലീം ആയിരിക്കണം എന്ന ആവശ്യവുമായി രാജ്യത്തെ ഉന്നത ഇസ്ലാമിക പുരോഹിത വിഭാഗമായ ഇന്തോനേഷ്യന്‍ ഉലമാ കൗണ്‍സില്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ക്കിടയിലാണ് ഒരു ക്രൈസ്തവ വിശ്വാസി ഇന്തോനേഷ്യന്‍ പോലീസിനെ നയിക്കുവാന്‍ നിയമിതനായിരിക്കുന്നത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി അടുത്ത ബന്ധമുള്ളയാളാണ് ലിസ്റ്റ്യോ. നിയമനത്തോടെ മതന്യൂനപക്ഷങ്ങളില്‍ നിന്നും ഈ പദവി കൈകാര്യം ചെയ്തിട്ടുള്ള മൂന്നാമത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് ലിസ്റ്റ്യോ. പോലീസ് സേനയില്‍ സുതാര്യത ഉറപ്പുവരുത്തുവാനും, അസഹിഷ്ണുത, തീവ്രവാദം എന്നീ ഗുരുതര പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ലിസ്റ്റ്യോ തന്റെ പുതിയ സ്ഥാനലബ്ദിയെക്കുറിച്ചു പ്രതികരിച്ചു. നിയമനത്തെ ക്രൈസ്തവ സമൂഹം സ്വാഗതം ചെയ്തു.

മതന്യൂനപക്ഷത്തില്‍ നിന്നും ഒരാളെ പുതിയ പോലീസ് തലവനായി നിയമിച്ചതിലൂടെ ഏത് ഇന്തോനേഷ്യന്‍ പൗരനും നേതാവാകുവാനുള്ള തുല്യ അവകാശമുണ്ടെന്നു കാണിച്ചു തരുവാനാണ് വിഡോഡോ ആഗ്രഹിക്കുന്നതെന്നും, രാഷ്ട്രം നേതാക്കളെ തിരഞ്ഞെടുക്കുന്നത് മതം നോക്കിയിട്ടല്ലെന്നതിന്റെ തെളിവ് കൂടിയാണ് ഇതെന്നും ഇന്തോനേഷ്യന്‍ ബിഷപ്സ് കമ്മീഷന്‍ ഫോര്‍ ദി ലെയ്റ്റി’യുടെ എക്സിക്യുട്ടീവ്‌ സെക്രട്ടറിയായ ഫാ. പോളുസ്ക്രിസ്റ്റ്യന്‍ സിസ്വാടോകോ പറഞ്ഞു. അതേസമയം ഇന്തോനേഷ്യയിലെ പോലീസിനെ നയിക്കുന്ന ദൌത്യം ഏറെ ശ്രമകരമാണെന്നാണ് വിലയിരുത്തുന്നത്. 2019-ല്‍ 160 കേസുകളിലായി 1,847 പേരേ പോലീസ് സ്വേച്ഛാധിപത്യപരമായി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തൊട്ടു മുന്നിലെ വര്‍ഷത്തെ വെച്ചു നോക്കുമ്പോള്‍ 88 കേസുകള്‍ കൂടുതലാണെന്നുമാണ് ഇന്തോനേഷ്യന്‍ ലീഗല്‍ എയിഡ് ഫൗണ്ടേഷന്റെ കണക്ക്.

You might also like
WP2Social Auto Publish Powered By : XYZScripts.com