വിശുദ്ധരുടെ ശില്പങ്ങൾ ‘നാഷ്ണൽ ഗാർഡനിൽ’ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

0

വാഷിംഗ്ടൺ ഡി‌സി: വിവിധ മേഖലകളിൽ അമേരിക്കയ്ക്ക് സംഭാവന നൽകിയ കത്തോലിക്ക വിശുദ്ധരുടേത് ഉൾപ്പെടെയുള്ള ശില്പങ്ങൾ ‘നാഷ്ണൽ ഗാർഡനിൽ’ നിർമ്മിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം നിരവധി വിശുദ്ധരുടെ രൂപങ്ങൾ അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ തീവ്ര ഇടതുപക്ഷ അനുഭാവികൾ തകർത്തിരുന്നു. ഇതിന്റെ മറുപടിയായിട്ട് കൂടിയാണ് അധികാരത്തിൽ നിന്ൻ ഇറങ്ങും മുൻപ് രൂപങ്ങൾ നിർമ്മിക്കാൻ വേണ്ടിയുള്ള പുതിയ ഉത്തരവിൽ ജനുവരി പതിനെട്ടാം തീയതി അദ്ദേഹം ഒപ്പുവച്ചത്.

കത്തോലിക്കാസഭയിലെ വിശുദ്ധരായ വിശുദ്ധ എലിസബത്ത് ആൻ സേറ്റൺ, വിശുദ്ധ കാതറിൻ ഡ്രക്സ്സൽ, വിശുദ്ധ ജോൺ ന്യൂമാൻ, വിശുദ്ധ ജുനിപേറോ സേറ തുടങ്ങിയവർ പട്ടികയിൽപ്പെടുന്നു. കൂടാതെ ധന്യൻ ആർച്ചുബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ, ആദ്യത്തെ അമേരിക്കൻ കത്തോലിക്കാ ആർച്ച് ബിഷപ്പായിരുന്ന ജോൺ കരോൾ, മാർച്ച് ഫോർ ലൈഫ് സ്ഥാപക നെല്ലിഗ്രേ, ഫാ. തോമസ് മെർട്ടൻ, ക്രിസ്റ്റഫർ കൊളംബസ്, തുടങ്ങിയവരുടെ പ്രതിമകളും നാഷണൽ ഗാർഡനിൽ സ്ഥാപിക്കും. രാഷ്ട്രീയ മേഖലയിൽ നിന്ന് പട്ടികയുടെ ഭാഗമായ പ്രമുഖരിൽ ഒരാൾ കത്തോലിക്കാ വിശ്വാസിയായിരുന്ന അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയാണ്.

അമേരിക്ക ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ രാജ്യ സ്നേഹത്തിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷ ട്രംപ് പ്രകടിപ്പിച്ചു. ദേശീയ തലത്തിൽ നടത്തുന്ന ശില്പങ്ങളുടെ പുനരുദ്ധാരണത്തിലൂടെയാണ് ശിൽപങ്ങൾ തകർത്തവർക്ക് മറുപടി നൽകുകയെന്ന് അദ്ദേഹം വിശദീകരിച്ചു. ശിൽപം നിർമ്മിക്കാൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾ അമേരിക്കയുടെ ആത്മാവ് ഉള്ളിൽ സ്വീകരിച്ചവരാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. നാഷണൽ ഗാർഡനിൽ പ്രതിമ നിർമ്മിക്കുന്ന ഓരോ വ്യക്തികളും അമേരിക്കയുടെ ചരിത്രത്തിന് വലിയ സംഭാവനകൾ നൽകിയവരാണെന്ന് അദ്ദേഹത്തിന്റെ ഉത്തരവിൽ പറയുന്നു.

You might also like