ഭ്രൂണഹത്യക്കിരയായ 650 ശിശുക്കളുടെ സംസ്കാര ശിശ്രൂഷ നടന്നു

0

വാര്‍സോ: ഭ്രൂണഹത്യ ചെയ്യപ്പെട്ട 650 ശിശുക്കളുടെ സംസ്കാര ശുശ്രൂഷ പോളണ്ടിലെ ഗോൺസിസ് നഗരത്തിൽ നടന്നു. സിഡ്ലിസ് രൂപതാ മെത്രാനായ കസിമേർസ് ഗുർദ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് സംസ്കാര ശുശ്രൂഷകൾ നടന്നത്. അമ്മയുടെ ഉദരത്തിൽ ഉരുവായ നിമിഷം മുതൽ ശിശുക്കളെല്ലാം ഓരോ വ്യക്തികളാണെന്നും, അതിനാൽ അവർ ഉചിതമായ ഒരു സംസ്കാര ശുശ്രൂഷ അർഹിക്കുന്നുവെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു. പ്രതിരോധിക്കാൻ ശേഷിയില്ലാതെ അമ്മമാരുടെ ഉദരത്തിൽ കഴിയുന്ന ശിശുക്കളിൽ നിന്ന് ജീവിക്കാനുള്ള അവകാശം എടുത്തുമാറ്റാൻ ആർക്കും കഴിയില്ലെന്നും കസിമേർസ് ഗുർദ കൂട്ടിച്ചേർത്തു. സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം മാർപാപ്പ സെപ്റ്റംബറിൽ ആശീർവദിച്ച ‘ദി വോയിസ് ഓഫ് ദി അൺബോൺ’ ബെൽ അദ്ദേഹം മുഴക്കി.

തലസ്ഥാന നഗരിയായ വാര്‍സോയിലെ വിവിധ ആശുപത്രികളിൽ നിന്നാണ് ചലനമറ്റ 640 കുരുന്ന് ശരീരങ്ങൾ ലഭിച്ചത്. പ്രോലൈഫ് സംഘടനയായ ന്യൂ നസ്രത്ത് ഫൗണ്ടേഷന്റെ മരിയ ബിയിഗവിക്സാണ് സംസ്കാര ശുശ്രൂഷകൾക്ക് വേണ്ടിയുള്ള ക്രമീകരണങ്ങൾ നടത്തിയത്. 2005 മുതൽ സംഘടന സമാനമായ ചടങ്ങുകൾ സംഘടിപ്പിച്ചു വരികയാണ്. ആ വർഷമാണ് വാര്‍സോയിലെ ഹോളി ഫാമിലി ആശുപത്രി ഗർഭാവസ്ഥയിൽ മരിച്ച ശിശുക്കളുടെ ശരീരം കരുതലോടെ സംരക്ഷിക്കണമെന്ന തീരുമാനമെടുത്തത്. ശാരീരിക വൈകല്യമുണ്ട് എന്നതിന്റെ പേരിൽ ഭ്രൂണഹത്യ നടത്താൻ പാടില്ലായെന്ന് പോളണ്ടിലെ ഉന്നത കോടതി ഒക്ടോബർ 22നു വിധി പുറപ്പെടുവിച്ചിരുന്നു.

കോടതി ഉത്തരവ് വന്നതിനു ശേഷം വലിയ പ്രതിഷേധങ്ങളാണ് പോളണ്ടിലെ ഭ്രൂണഹത്യ അനുകൂലികൾ നടത്തിയത്. കത്തോലിക്കാ ദേവാലയങ്ങൾ അടക്കമുള്ളവ അവർ ആക്രമിച്ചിരിന്നു. ഭ്രൂണഹത്യ നിലപാടിനെ അനുകൂലിച്ച് യൂറോപ്യന്‍ പാര്‍ലമെന്‍റ് രംഗത്തുവന്നെങ്കിലും ജീവിക്കാനുള്ള അവകാശം മൗലിക അവകാശമാണെന്ന് പോളണ്ടിലെ കത്തോലിക്കാ സഭ പരസ്യ പ്രസ്താവനയിറക്കി പ്രതിരോധം സൃഷ്ടിച്ചു. ആയിരത്തോളം ഭ്രൂണഹത്യകളാണ് രാജ്യത്ത് ഒരു വർഷം നടക്കുന്നത്. ഇതിൽ മഹാഭൂരിപക്ഷവും നടക്കുന്നത് ശിശുക്കളുടെ ശാരീരിക വൈകല്യം ചൂണ്ടിക്കാട്ടിയാണ്. അതിനാൽ തന്നെ പുതിയ നിയമം പോളണ്ടിൽ ഗണ്യമായി ഭ്രൂണഹത്യകളുടെ എണ്ണം കുറയ്കമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

You might also like