ഔഷധിയുടെ 2 ലക്ഷം ഔഷധ സസ്യങ്ങള്‍: വിതരണോദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

0

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ പരിസ്ഥിതി സംരക്ഷണത്തിന് ഔഷധി വികസിപ്പിച്ചെടുത്ത 2 ലക്ഷത്തില്‍പരം ഔഷധസസ്യ തൈകളുടെ വിതരണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.

ആയുര്‍വേദ മരുന്ന് നിര്‍മ്മാണ സ്ഥാപനങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ തൃശൂര്‍ ജില്ലയിലെ കുട്ടനെല്ലൂരിലും കണ്ണൂര്‍ ജില്ലയിലെ പരിയാരത്തുമുള്ള നഴ്‌സറികളിലാണ് ഔഷധസസ്യ തൈകള്‍ സജ്ജമാക്കിയിരിക്കുന്നത്.

ചന്ദനം, ദന്തപാല, കൂവളം, പലകപ്പയ്യാനി, അശോകം തുടങ്ങിയ നൂറില്‍പരം ഇനത്തില്‍പ്പെട്ട ഔഷധസസ്യങ്ങളുടെ ശേഖമാണ് ഔഷധി സജ്ജമാക്കിയത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും സൗജന്യ നിരക്കില്‍ ഇത് വിതരണം ചെയ്യുന്നതാണ്.

ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് സംസ്ഥാന ആയുഷ് വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഔഷധ സസ്യങ്ങളുടെ പ്രചരണത്തിനായാണ് ആയുഷ് വകുപ്പ് ഈ ദിനം തെരഞ്ഞെടുത്തിരിക്കുന്നത്. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളില്‍ ഔഷധോദ്യാനം ഒരുക്കുന്ന ‘ആരാമം ആരോഗ്യം’ പദ്ധതിയ്ക്കും ഔഷധിയുടെ നേതൃത്വത്തില്‍ രണ്ട് ലക്ഷത്തില്‍പരം ഔഷധസസ്യ തൈകളുടെ വിതരണത്തിനുമാണ് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വൈവിധ്യമായ ആവാസ വ്യവസ്ഥയില്‍ മനുഷ്യരുടെ അമിതമായ ഇടപെടലും ചൂഷണവും മൂലം ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ പരിഹരിക്കുക എന്നുള്ളതും ആവാസവ്യവസ്ഥയെ അതിന്റെ ആദ്യാവസ്ഥയിലേക്ക് കൊണ്ടുവരിക എന്നതും പ്രധാനമാണ്. അതിന് വേണ്ടിയിട്ടുള്ള പരിശ്രമങ്ങളാണ് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടേയും മനുഷ്യന്റേയും ആരോഗ്യപരമായ സഹവര്‍ത്തിത്വമാണ് നമുക്കാവശ്യം. അതുവഴി സുസ്ഥിരമായ വികസനം, അതിലേക്ക് നാടിനെ നയിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

You might also like