കോട്ടൂര്‍ ആന പുനഃരധിവാസ കേന്ദ്രത്തില്‍ ആനക്കുട്ടികളെ ബാധിച്ച് അതിതീവ്ര വൈറസ്
തിരുവനന്തപുരം: കോട്ടൂര്‍ ആന പുനഃരധിവാസ കേന്ദ്രത്തിലെ വൈറസ് ബാധ അതീവ ഗുരുതരമെന്ന് വിദഗ്ധര്‍. കുട്ടിയാനകളില്‍ വൈറസ് ബാധിച്ചാല്‍ 20 ശതമാനത്തില്‍ താഴെ മാത്രമാണ് രക്ഷപ്പെടാന്‍ സാധ്യത. രോഗം സ്ഥിരീകരിച്ച മൂന്നു കുട്ടിയാനകള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
മനുഷ്യനില്‍ ചിക്കന്‍പോക്സ് ഉണ്ടാക്കുന്ന ഹെര്‍പ്പിസ് എന്ന വൈറസിന് സമാനമായ വൈറസാണ് കുട്ടിയാനകളെയും ബാധിച്ചത്. ആനകളില്‍ ആന്തരികാവയവങ്ങളിലെ രക്തസ്രാവത്തിന് ഹെര്‍പ്പിസ് കാരണമാകും. മുതിര്‍ന്ന ആനകളെ വൈറസ് ബാധിച്ചാലും കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കില്ല. എന്നാല്‍ 10 വയസിന് താഴെയുളള ആനകള്‍ക്ക് ഈ വൈറസ് ബാധിച്ചാല്‍ ഒന്ന് മുതല്‍ രണ്ട് ദിവസത്തിനിടെ മരണം സംഭവിച്ചേക്കും. രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുന്‍പ് തന്നെ വൈറസ് ബാധ നേരത്തെ കണ്ടെത്തി ചികിത്സിക്കുകായാണ് ഏക മാര്‍ഗ്ഗം. വൈറസ് സ്ഥിരീകരിച്ച കുട്ടിയാനകളെ മറ്റ് ആനകളുമായി സമ്ബര്‍ക്കത്തില്‍ വരാതെ മാറ്റണം. എന്നാല്‍ ഇത് കുട്ടിയാനകള്‍ക്ക് മാനസിക സമ്മര്‍ദ്ദത്തിനും കാരണമായേക്കാമെന്ന് പാലോട് സെന്റര്‍ ഫോര്‍ വൈല്‍ഡ് സയന്‍സിലെ പത്തോളജിസ്റ്റ് ഡോക്ടര്‍ നന്ദകുമാര്‍ പറഞ്ഞു