പാര്‍ലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കും; ഏത് വിഷയവും ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ന് ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷം നരേന്ദ്ര മോദി സര്‍ക്കാറിെന പ്രതിരോധത്തിലാക്കി. പ്രധാനമന്ത്രിയെ കാണാന്‍ കൊതിയായെന്ന പ്രതിപക്ഷ എം.പിമാരുടെ പരിഹാസവും യോഗത്തിലുണ്ടായി. അഞ്ചു മിനിറ്റ് യോഗത്തിലിരുന്ന മോദി ഏത് വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും അറിയിച്ചു.
മൂന്ന് കാര്‍ഷിക ബില്ലുകളും പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രൂക്ഷമായ വിലക്കയറ്റവും പെട്രോള്‍-ഡീസല്‍ വിലവര്‍ധനയും ഉന്നയിച്ച പ്രതിപക്ഷം ഇവ ഇരുസഭകളിലും ചര്‍ച്ച ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
ബില്ലുകള്‍ പാസാക്കാനുള്ള വ്യഗ്രത സര്‍ക്കാര്‍ പ്രകടിപ്പിച്ചപ്പോള്‍ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പ്രതിപക്ഷം പറഞ്ഞു.
പാര്‍ലമെന്റ് അനക്സില്‍ രാവിലെ 11 മണിക്കായിരുന്നു യോഗം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആണ് നേതാക്കള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കേട്ടത്.