സിസ്റ്റര്‍ ലൂസിയുടെ കോണ്‍വന്റിലെ താമസം: തീരുമാനം മുന്‍സിഫ് കോടതിക്ക് മൂന്നാഴ്ചക്കകം തീര്‍പ്പുണ്ടാക്കണം
കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് വയനാട് കാരക്കമല എഫ്.സി.സി കോണ്‍വന്റിലെ താമസം തുടരാനാവുമോയെന്നത് സംബന്ധിച്ച തീരുമാനം മാനന്തവാടി മുനിസിഫ് കോടതിക്ക് വിട്ട് ഹൈകോടതി. വിഷയം കീഴ്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ ഹൈകോടതി തീരുമാനമെടുക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവന് വ്യക്തമാക്കി.
ഒരാഴ്ചക്കകം ഹരജിക്കാരിയോ എതിര് കക്ഷികളോ ഈ ആവശ്യമുന്നയിച്ച് കീഴ്കോടതിയില്‍ അപേക്ഷ നല്കിയാല് മൂന്നാഴ്ചക്കകം തീര്‍പ്പുണ്ടാക്കണമെന്ന നിര്‍ദേശിച്ച കോടതി, പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്ന സിസ്റ്റര്‍ ലൂസിയുടെ ഹര്‍ജി തീര്‍പ്പാക്കി.
വികാരിയുടെ താമസസ്ഥലത്തിനും കാരക്കാമല എഫ്.സി കോണ്വന്റിെന്റയും സമീപത്തെ 2020 മേയ് 20ന് മുമ്പുള്ള 45 ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവും ഹരജിക്കാരി ഉന്നയിച്ചിരുന്നു. എന്നാല്‍, കേസ് അന്വേഷിക്കേണ്ട രീതി പൊലീസിനോട് നിര്‍ദേശിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
കോണ്വെന്റില്തന്നെ തുടരുന്നപക്ഷം ഹര്‍ജിക്കാരിക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ല. അവര്‍ അവിടെ തുടരുന്നത് തര്‍ക്കം രൂക്ഷമാക്കാനേ ഇടയാക്കൂ. മറ്റ് അന്തേവാസികളുമായുള്ള ഹര്‍ജിക്കാരിയുടെ ബന്ധം വളരെ മോശമാണെന്ന് ഹരജിയിലെ ആരോപണങ്ങളില്നിന്നുതന്നെ വ്യക്തമാണ്. തിരമാലകള്ക്കെതിരെയാണ് സിസ്റ്റര്‍ ലൂസി നീന്തുന്നത്. അതിനാല്‍ അവരുടെ പ്രവൃത്തി വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, രണ്ട് ഭാഗവും ഉയര്‍ത്തുന്ന വാദത്തിെന്റ സത്യാവസ്ഥ ഇത്തരമൊരു ഹര്‍ജിയില്‍ വിലയിരുത്താനാകില്ല.