TOP NEWS| പഴംതീനി വവ്വാലുകള്‍ വീണ്ടും ഭീഷണിയുയര്‍ത്തുന്നു; ലോകത്ത് വ്യാപിക്കുമോ മാര്‍ബര്‍ഗ് വൈറസ്?
ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിനാണ് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ വൈറസ് രോഗബാധയെത്തുടർന്ന് ഒരാൾ മരിച്ചത്. കോവിഡ് ബാധ മൂലമായിരിക്കുമെന്ന് കരുതി സ്രവപരിശോധന നടത്തിയപ്പോഴാണ് രോഗകാരണം കോവിഡല്ല മാർബർഗ് വൈറസ് ആണെന്ന് ആരോഗ്യവിദഗ്ധർ തിരിച്ചറിഞ്ഞത്. ഉടനെ തന്നെ മരിച്ചയാളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെയെല്ലാം നിരീക്ഷണത്തിലാക്കി. ലോകാരോഗ്യ സംഘടന സാഹചര്യം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. എബോളയുടെ രണ്ടാം തരംഗം ഗിനിയയിൽ അവസാനിച്ചതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് രണ്ട് മാസങ്ങൾക്കുള്ളിലാണ് അതീവ അപകടകാരിയായ മാർബർഗ് വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത്, ശ്രദ്ധിച്ചില്ലെങ്കിൽ മറ്റൊരു മഹാമാരിയാകാൻ സാധ്യതയുള്ളതാണ് ഈ വൈറസ് എന്ന് ആരോഗ്യവിദഗ്ധർ ആശങ്കപ്പെടുന്നു.