എല്ലാത്തരം വിസകളും സെപ്റ്റംബര്‍ ഒന്നു മുതല്‍ അനുവദിക്കും -ആര്.ഒ.പി
മസ്കത്ത്: സെപ്റ്റംബര്‍ ഒന്നു മുതല്‍ രാജ്യത്ത് എല്ലാ തരത്തിലുള്ള വിസകളും അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് പൊലീസ് ആന്‍ഡ് കസ്റ്റംസ് ഓപറേഷന്‍സ് അസി. ഇന്‍സ്പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹാര്‍ത്തി പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. രണ്ട് ഡോസ് വാക്സിനടക്കം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് വരാവുന്നതാണ്. ഇതോടൊപ്പം ഈ വര്‍ഷം ജനുവരി മുതല്‍ അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി നീട്ടിനല്‍കിയിട്ടുണ്ട്. കാലാവധി നീട്ടിയതിന് പ്രത്യേക ഫീസ് ചുമത്തില്ല. രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് ആര്.ഒ.പി വെബ്സൈറ്റില്‍ കയറിയാല്‍ കാലാവധി നീട്ടിയത് മനസ്സിലാക്കാന്‍ സാധിക്കും.