TOP NEWS| ജീവിക്കാന്‍ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇക്ക് നാലാം സ്ഥാനം

0

ദുബായ്: ഏറ്റവും മികച്ച രീതിയില്‍ ജീവിക്കാനും തൊഴില്‍ ചെയ്യാനുമുള്ള രാഷ്ട്രങ്ങളുടെ ആഗോള പട്ടികയില്‍ യു.എ.ഇക്ക് നാലാം സ്ഥാനം. എച്ച്.എസ്.ബി.സിയുടെ 14-ാം വാര്‍ഷിക എക്സ്പാറ്റ് എക്സ്പ്ലോറര്‍ പഠനത്തിലാണ് യു.എ.ഇയുടെ നേട്ടം. സ്വിറ്റ്സര്‍ലാന്‍ഡ് പട്ടികയില്‍ ഒന്നാമതും ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്. ന്യൂസീലാന്‍ഡാണ് മൂന്നാം സ്ഥാനത്ത്. വിദേശത്തു തൊഴിലെടുക്കുന്ന ഇരുപതിനായിരം പേരിലാണ് സര്‍വേ നടത്തിയത്. യുഎഇയിലെ സര്‍വേയില്‍ പങ്കെടുത്ത 53 ശതമാനം പ്രവാസികളും മഹാമാരിക്ക് ശേഷം തങ്ങളുടെ സമ്പാദ്യത്തില്‍ വര്‍ധനവുണ്ടാകും എന്ന് കരുതുന്നവരാണ്. കൂടുതല്‍ മികച്ച തൊഴിലിടം ഉണ്ടാകുമെന്ന് 57 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താര്‍ജ്ജിക്കാന്‍ ശേഷിയുണ്ടെന്ന് തെളിയിക്കുന്നതാണ് സര്‍വേ ഫലമെന്ന് എച്ച്.എസ്.ബി.സി യു.എ.ഇ സി.ഇ.ഒ അബ്ദുല്‍ ഫത്താഹ് ഷറഫ് പറഞ്ഞു. പുതുമ, അടിസ്ഥാനസൗകര്യം, ജീവിത നിലവാരം, ബഹുസ്വരത തുടങ്ങിയ കാര്യങ്ങള്‍ക്ക് രാജ്യം നല്‍കുന്ന ഊന്നല്‍ പ്രൊഫഷണലുകളുടെയും ബിസിനസുകാരുടെയും ഇഷ്ടകേന്ദ്രമാക്കി രാജ്യത്തെ മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like