എച്ച്–1ബി വീസക്കാരുടെ ജീവിതപങ്കാളിക്ക് ജോലി തടസ്സം നീക്കി യുഎസ്.
വാഷിങ്ടൻ : എച്ച്–1ബി വീസയുള്ളവരുടെ ജീവിതപങ്കാളിക്ക് യുഎസിൽ ജോലിക്കുതകുന്ന ഓട്ടമാറ്റിക് വർക് ഓതറൈസേഷൻ പെർമിറ്റ് നൽകാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചു. ഇന്ത്യയിൽനിന്നുള്ള ഐടി പ്രഫഷനലുകൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണിത്. എച്ച്–1ബി വീസയുള്ളവരുടെ ജീവിതപങ്കാളിക്കും 21 വയസ്സിൽ താഴെയുള്ള മക്കൾക്കും യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‍സിഐഎസ്) നൽകുന്ന എച്ച്–4 വീസ ലഭിക്കുന്നത് ഇനി എളുപ്പമാകും.അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷൻ (എഐഎൽഎ) നൽകിയ കേസിനെത്തുടർന്നാണ് പുതിയ തീരുമാനം. എച്ച്–4 വീസയുള്ളവരുടെ ജോലിക്കു നിയോഗിക്കുന്നതിനുള്ള രേഖകൾ സ്വയമേവ പുതുക്കുന്നതിന് ആഭ്യന്തരസുരക്ഷാ വകുപ്പ് ഏർപ്പെടുത്തിയ പരീക്ഷകൾ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അപേക്ഷ നൽകി കാത്തിരിക്കുമ്പോൾ ജോലിയിൽ തുടരാനാകില്ലായിരുന്നു. മികച്ച ശമ്പളമുള്ള ജോലികളിൽ തുടരുന്നതിനു കടമ്പകൾ വന്നത് ജോലിക്കാർക്കും കമ്പനികൾക്കും ദോഷമായി.ചില മേഖലകളിലെ എച്ച്–1ബി വീസയുള്ളവരുടെ ജീവിതപങ്കാളിക്ക് ഒബാമ ഭരണകൂടം ജോലിക്ക് അനുമതി നൽകിയിരുന്നു. ഇതനുസരിച്ച്, എച്ച്–4 വീസയുള്ള തൊണ്ണൂറായിരത്തിലേറെ പേർക്ക് (കൂടുതലും ഇന്ത്യക്കാർ) ജോലി ലഭിച്ചു. ട്രംപ് ഭരണകൂടം ഇതിൽ നിയന്ത്രണം വരുത്തിയത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.