‘റഷ്യന്‍ അധിനിവേശം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത’; യുദ്ധത്തിനിറങ്ങില്ലെന്ന് നേറ്റോ
യുക്രൈനെ പിടിച്ചടക്കുമെന്ന് പ്രഖ്യാപിച്ച് റഷ്യ നടത്തുന്ന അധിനിവേശ നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കടുത്തേക്കുമെന്ന് ഭയപ്പെടുന്നതായി നേറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ്. നേറ്റോ റഷ്യയുമായി യുദ്ധത്തിന് ഇറങ്ങുമെന്ന പ്രചരണത്തെ പൂര്‍ണമായി തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ യുദ്ധമാണ്. അധിനിവേശം ആസൂത്രണം ചെയ്തതും നടപ്പാക്കുന്നതും നിയന്ത്രിക്കുന്നതും പുടിനാണ്. സമാധാനപൂര്‍ണമായ ഒരു രാജ്യത്തിനെതിരെ പുടിന്‍ നടത്തിയ അധിനിവേശത്തെ അപലപിക്കുന്നു. എത്രയും പെട്ടെന്ന് യാതൊരുവിധ ഉപാധികളുമില്ലാതെ യുക്രൈനില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു. ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.