യുക്രൈനുമായുള്ള ചർച്ചയിൽ ഗുണകരമായ മാറ്റമുണ്ടെന്ന് റഷ്യൻ പ്രസിഡൻറ് പുടിൻ

0

യുക്രൈനുമായി റഷ്യ നടത്തുന്ന ചർച്ചയിൽ ഗുണകരമായ മാറ്റമുണ്ടെന്ന് പ്രസിഡൻറ് വ്‌ളാഡ്മിർ പുടിൻ. ബലറൂസ് പ്രസിഡൻറ് അലക്‌സാണ്ടർ ലുകാഷെങ്കോയോടൊപ്പമുള്ള ടെലിവിഷൻ അഭിമുഖത്തിലാണ് പുടിന്റെ പ്രതികരണം. യുക്രൈനെതിരെ യുദ്ധം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിരിക്കുകയാണ്. ഈ ഘട്ടത്തിൽ ചർച്ചയിൽ പങ്കെടുക്കുന്ന തങ്ങളുടെ പ്രതിനിധികൾ ഗുണകരമായ ചർച്ച നടക്കുന്നതായി അറിയിച്ചുവെന്നാണ് പുടിൻ വ്യക്തമാക്കിയത്. ഇപ്പോൾ മിക്കദിവസവും ചർച്ച നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 24 ന് യുക്രൈനിലേക്ക് റഷ്യൻ സൈന്യം അധിനിവേശം തുടങ്ങിയ ശേഷം നിരവധി തവണ ചർച്ചകൾ നടന്നിട്ടുണ്ട്. വ്യാഴാഴ്ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവും യുക്രൈന്റെ ദിമിത്രോ കുലേബയും തുർക്കിയിൽ വെച്ച് ചർച്ച നടത്തിയിരുന്നെങ്കിലും പുരോഗതിയുണ്ടായിരുന്നില്ല. യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രണ്ട് മില്യൺ ജനങ്ങൾ പലായനം ചെയ്യുകയും ചെയ്തു.

You might also like