ആദരാഞ്ജലി അർപ്പിച്ച് മാർ ക്രിസോസ്റ്റോമും കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയും
തിരുവല്ല: കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ 103 ാം വയസിലും ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത എത്തി. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ കഴിയുന്ന വലിയ മെത്രാപ്പോലീത്ത രാവിലെയാണ് തിരുവല്ല ഡോ.അലക്സാണ്ടർ മാർത്തോമ്മാ ഓഡിറ്റോറിയത്തിലെത്തിയത്. വീൽ ചെയറിൽ ഇരുന്ന് അദ്ദേഹം ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ഭൗതികശരീരത്തിനു മുമ്പിൽ പ്രണാമം അർപ്പിച്ച് പ്രാർത്ഥിച്ചു. സഭാ നേതൃത്വത്തിൽ ദീർഘകാലം ഒന്നിച്ചു പ്രവർത്തിച്ച ജോസഫ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അർപ്പിക്കണമെന്ന ആഗ്രഹം ഇന്നലെതന്നെ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പ്രകടിപ്പിച്ചിരുന്നു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്നുരാവിലെ തിരുവല്ലയിലെത്തി ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അർപ്പിച്ചു.
ലോകസഭാ നേതൃത്വത്തിൽ ദീർഘകാലം മാർഗദർശനം നൽകിയ വ്യക്തിത്വമാണ് ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടേതെന്ന് കർദ്ദിനാൾ മാർ ആലഞ്ചേരി അനുസ്മരിച്ചു. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അടക്കമുള്ള മെത്രാന്മാരും ആദരാഞ്ജലി അർപ്പിച്ചു.