ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്രയ്ക്ക് അവസരം വരുന്നു. ഒമാന്‍, സൗദി, യുഎഇ എന്നിവിടങ്ങളില്‍ നിന്നാണ് കുറഞ്ഞ നിരക്കിലുള്ള സര്‍വീസുകളും കൂടുതല്‍ സര്‍വീസുകളും പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതോടെ ടിക്കറ്റ് നിരക്കില്‍ കുറവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
ഒമാനില്‍ നിന്നുള്ള രണ്ട് വിമാന കമ്പനികളാണ് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസ് പ്രഖ്യാപിച്ചത്. ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറും ബജറ്റ് വിമാന കമ്പനിയായ സലാം എയറുമാണ് ആശ്വാസമാകുക. ഒക്ടോബര്‍ മുതല്‍ രണ്ട് കമ്പനികളും പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ഒമാന്‍ എയര്‍ മസ്‌ക്കത്ത്-തിരുവനന്തപുരം റൂട്ടില്‍ പ്രതിദിന സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചു.
നിലവില്‍ ഒമാന്‍ എയര്‍ കണക്ഷന്‍ സര്‍വീസ് ആണ് മസ്‌കത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്നത്. ഇനി നേരിട്ടുള്ള വിമാന സര്‍വീസ് നടത്താന്‍ പോകുന്നു. മസ്‌കത്ത് കോഴിക്കോട് റൂട്ടില്‍ ഒമാന്‍ എയറിന് രണ്ട് പ്രതിദിന സര്‍വീസുകള്‍ നിലവിലുണ്ട്. സലാം എയര്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ കോഴിക്കോട് മസ്‌കത്ത് റൂട്ടില്‍ പ്രതിദിന സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ബുക്കിങ് തുടങ്ങി.