യൂറോപ്യൻ മെത്രാൻ സമിതി: മാനുഷിക അടിയന്തരാവസ്ഥ മറികടക്കാൻ അഭ്യർത്ഥിച്ചു
വളരെക്കാലമായി തുടരുന്ന സംഘർഷം മൂലം വീട് ഒഴിയേണ്ടിവന്ന ലക്ഷക്കണക്കിനാളുകളുടെ മാനുഷിക അടിയന്തരാവസ്ഥ ലഘൂകരിക്കാൻ ശ്രമങ്ങൾ നടത്താൻ അന്താരാഷ്ട്ര സമൂഹത്തോടു അവർ അഭ്യർത്ഥിച്ചു.
ഏറ്റം ഒടുവിൽ ലഭിച്ച കണക്കുകൾ അനുസരിച്ച് ഏതാണ്ട് ഒരു ലക്ഷത്തോളം അർമേനിയൻ ഗ്രോത്രക്കാർ നഗോർണോ കരബാഖിൽ നിന്ന് പലായനം ചെയ്തിട്ടുണ്ട്. അത്സെർബൈജാൻ നിയന്ത്രിക്കുന്ന ഈ പ്രദേശം ഏതാണ്ട് 30 വർഷമായി അന്താരാഷ്ട്ര തർക്കത്തിലാണ്. ഈ തർക്കം ക്രൈസ്തവ പാരമ്പര്യം അപകടത്തിലാക്കുന്നു.
2020ൽ ഉണ്ടായ സംഘർഷത്തിൽ അർമേനിയയ്ക്ക് ചില പ്രാചീന ആശ്രമങ്ങൾ നഷ്ടപ്പെടുകയും മാസങ്ങളോളം നഗോർണോ കരബാഖ് തലസ്ഥാനമായ സ്റ്റെപാനകേർട്ടും അർമേനിയൻ തലസ്ഥാനമായ യെരെവാനും ബന്ധിപ്പിക്കുന്ന ഏകമാർഗ്ഗം ആക്ടിവിസ്റ്റുകൾ തടഞ്ഞതിനാൽ മാനുഷിക പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു. അടുത്തയിടെ അത്സെർബിജാൻ നടത്തിയ തീവ്രവാദവിരുദ്ധ നീക്കങ്ങളാണ് പ്രാദേശിയ അർമേനിയൻകാരെ പലായനത്തിന് നിർബ്ബന്ധിച്ചത്.
1456 അർമേനിയൻ സ്മാരക സൗധങ്ങൾ അത്സെർബജാന്റെ നിയന്ത്രണത്തിലായ ശേഷം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ യൂറോപ്യൻ മെത്രാൻ സമിതി നഗോർണോ കരബാഖിലെ ക്രൈസ്തവ പൈതൃകം നിരീക്ഷിക്കാനും ആവശ്യപെട്ടു. അന്തർദേശിയ സംഘടനകളോടു ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്നും സുരക്ഷിതരായി സ്വന്തം നാട്ടിലേക്ക് തിരിച്ചു ചെല്ലാനും അവരുടെ പാരമ്പര്യം നിലനിർത്താനും സഹായിക്കണമെന്നും യൂറോപ്യൻ മെത്രാൻ സമിതി അഭ്യർത്ഥിച്ചു.