വടക്കന്‍ ഗാസ മുനമ്പിലെ കരയാക്രമണത്തില്‍ ഹമാസിന്റെ ശക്തി കേന്ദ്രം പിടിച്ചെടുത്തതായി ഇസ്രായേല്‍ പ്രതിരോധ സേന.

0

ടെല്‍അവീവ്: വടക്കന്‍ ഗാസ മുനമ്പിലെ കരയാക്രമണത്തില്‍ ഹമാസിന്റെ ശക്തി കേന്ദ്രം പിടിച്ചെടുത്തതായി ഇസ്രായേല്‍ പ്രതിരോധ സേന. ഹമാസുമായി ബന്ധപ്പെട്ട 450 കേന്ദ്രങ്ങള്‍ തകര്‍ത്തു. ഹമാസിന്റെ നിരീക്ഷണ പോസ്റ്റുകള്‍, പരിശീലന ഗ്രൗണ്ടുകള്‍, തുരങ്കങ്ങള്‍ എന്നിവയടങ്ങിയ കോമ്പൗണ്ടാണ് ഇസ്രായേല്‍ പിടിച്ചെടുത്തത്. ഇവിടെയുണ്ടായിരുന്ന ഭീകരരെ വകവരുത്തി.

ഗാസ പൂര്‍ണമായും ഇസ്രായേല്‍ സൈന്യം വളഞ്ഞിരിക്കുന്നു. തുരങ്കങ്ങളില്‍ ഒളിച്ചിരുന്ന ഹമാസിന്റെ നിരവധി ഫീല്‍ഡ് കമാന്‍ഡര്‍മാറും അവരുടെ പ്രത്യേക ദൗത്യങ്ങള്‍ക്കു നേതൃത്വം വഹിച്ചിരുന്ന ജമാല്‍ മൂസയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

അവരുടെ മുതിര്‍ന്ന ഭീകരരെ വധിക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രായേല്‍ അറിയിച്ചു. കരയാക്രമണത്തില്‍ ഒരു ഇസ്രായേല്‍ സൈനികനും കൊല്ലപ്പെട്ടു. ഗാസ മുനമ്പ് രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു, വടക്കന്‍ ഗാസ, തെക്കന്‍ ഗാസ. ഇത് ഹമാസിനെതിരായ യുദ്ധത്തിന്റെ നിര്‍ണായക ഘട്ടമാണെന്നും ഇസ്രായേല്‍ പ്രതിരോധ സേന വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.

യുദ്ധം തുടരുന്നതിനിടെ ഇറാനെതിരേ അമേരിക്ക സൈനിക നീക്കങ്ങള്‍ ആരംഭിച്ചു. പശ്ചിമേഷ്യയിലെ മെഡിറ്ററേനിയന്‍, ചെങ്കടല്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഗള്‍ഫ് ഓഫ് ഒമാന്‍ എന്നിവയുള്‍പ്പെടുന്ന മേഖലയില്‍ അമേരിക്ക ഗൈഡഡ് മിസൈല്‍ അന്തര്‍വാഹിനി വിന്യസിച്ചു. ഒഹിയോ വിഭാഗത്തില്‍പ്പെട്ട ഇവ ആണവ ശക്തിയുള്ളവയാണ്. ന്യൂക്ലിയര്‍ ആണവായുധം വഹിക്കാനാകും. ഇറാനെ ലക്ഷ്യമിട്ടാണ് അന്തര്‍വാഹിനിയെ പശ്ചിമേഷ്യയില്‍ വിന്യസിച്ചത്.

You might also like