ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ ഇസ്രയേല്‍ കപ്പല്‍ റാഞ്ചി; 25 ഇസ്രയേല്‍ ജീവനക്കാരെ ബന്ദികളാക്കി
ടെഹ്റാന്‍: പലസ്തീനിലെ ഹമാസിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇറാന്‍ പിന്തുണയ്‌ക്കുന്ന യെമനിലെ അപകടകാരികളായ ഹൂതി തീവ്രവാദികള്‍ ഇസ്രയേലിന്റെ ഒരു ചരക്ക് കപ്പല്‍ റാഞ്ചി. ചെങ്കടലില്‍ നിന്നാണ് ഹൂതി വിമതര്‍ ഗാലക്സി ലീഡര്‍ എന്ന പേരുള്ള ഇസ്രയേല്‍ ചരക്ക് കപ്പല്‍ തട്ടിയെടുത്തത്. ഇതോടെ ഇതുവരെ പുറത്ത് നിന്നും പരസ്യമായി ഇസ്രയേലിനെ വിമര്‍ശിച്ച ഇറാനും യുദ്ധത്തില്‍ ചേരുന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്. അത്യന്തം അപകടകരമാണ് ഈ നീക്കം. കാരണം ഇതുവരെ ഇസ്രയേല്‍-ഗാസമേഖലയില്‍ മാത്രം ഒതുങ്ങിയ യുദ്ധം പുതിയ ഭൗമമേഖലകളിലേക്ക് പടരുമോ എന്നതാണ് ആശങ്ക.
കരുത്തിന്റെ ഭാഷമാത്രമേ ഇസ്രയേലിന് മനസ്സിലാകൂ എന്നാണ് കപ്പല്‍ റാഞ്ചിയ ഹൂതി സംഘത്തിന്റെ പ്രധാന വക്താവും മധ്യസ്ഥചര്‍ച്ചാപ്രതിനിധിയുമായ നേതാവ് ഒരു ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. ചരക്ക് കപ്പലിലെ 25 ഇസ്രയേല്‍ ജീവനക്കാരെ ബന്ദികളാക്കി പിടിച്ചിരിക്കുകയാണ്. ഇതോടെ ഇസ്രയേല്‍ ഹമാസ് യുദ്ധം കൂടുതല്‍ മേഖലകളിലേക്ക് പടരുമോ എന്ന ആശങ്ക പരക്കുകയാണ്. ഇസ്രയേലിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.