പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയിലെ വെടിവെപ്പ്: മരണം 15 ആയി
പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാന നഗരിയായ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയെന്ന് റിപ്പോര്‍ട്ട്.
മാത്രമല്ല വെടിവച്ച അക്രമി സര്‍വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണെന്നും പോലീസ് അറിയിച്ചു. നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയുടെ പരിസരത്ത് കയറിയ പ്രതി അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും നേര്‍ക്ക് വെടിവക്കുകയായിരുന്നു.
അക്രമം നടത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. മാത്രമല്ല ഇയാളുടെ അച്ഛനേയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു. അച്ഛനെ കൊന്ന ശേഷമാണ് സര്‍വകലാശാലയില്‍ ഇയാള്‍ വെടിവെപ്പ് നടത്തിയതെന്നാണ് സൂചന. അക്രമത്തിന് പിന്നില്‍ ആഗോള ഭീകരവാദ ബന്ധമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
36 പേരെയാണ് വെടിവപ്പിന് പിന്നാലെ ആശുപത്രിയിലെത്തിച്ചത്. ചാള്‍സ് സര്‍വകലാശാലയുടെ ആര്‍ട്സ് ഫാക്കല്‍റ്റി കെട്ടിടത്തിലാണ് അക്രമി എത്തി പലരേയും വെടിവച്ചത്. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്യാന്പസുകളിലൊന്നാണിത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3. 40 നായിരുന്നു ഇവിടെ വെടിവെപ്പുണ്ടായത്.