സംസ്ഥാനത്ത് രണ്ട് ദിവസം ചൂട് കനക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉയര്‍ന്ന് ചൂട് കണക്കിലെടുത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്.
കണ്ണൂരില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസും കോട്ടയത്ത് 37 ഡിഗ്രി സെല്‍ഷ്യസും ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഉള്ളതിനാല്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ പലര്‍ക്കും സൂര്യാഘാതമേറ്റിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലേതിനേക്കാള്‍ മൂന്ന് ഡിഗ്രിവരെ ചൂട് ഈ വര്‍ഷം കൂടിയിട്ടുണ്ട്. ഇന്നലെ ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. നാളെ 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കും. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ 38-40 ഡിഗ്രി സെല്‍ഷ്യസ് താപനില എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാമെന്നാണ് പ്രവചനം.