എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ജീവനക്കാരെ ആക്രമിക്കുകയും എമർജൻസി ഡോർ തുറക്കാന്‍ ശ്രമിക്കുകയും ചെയ്ത മലയാളി അറസ്റ്റില്‍

0

മുംബൈ: കോഴിക്കോട് നിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ജീവനക്കാരെ ആക്രമിക്കുകയും എമർജൻസി ഡോർ തുറക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍. അബ്ദുള്‍ മുസാവിര്‍ നടുക്കണ്ടി എന്ന 25കാരനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്നാം തീയതി കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം.

‘വിമാനം ടേക്ക് ഓഫ് ചെയ്ത ഉടന്‍ അബ്ദുള്‍ മുസാവര്‍ വിമാനത്തിന്റെ പിന്‍ഭാഗത്തേക്ക് പോയി. ശേഷം ജീവനക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ഇതിനിടെ വിമാനത്തിന്റെ എമർജൻസി ഡോർ തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു.’ തടയാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ മറ്റ് യാത്രക്കാര്‍ക്ക് നേരെ തിരിഞ്ഞ്, താനിപ്പോള്‍ ഡോര്‍ തുറക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മുംബൈ പൊലീസ് പറഞ്ഞു.

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് വിമാനം ഉടന്‍ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വിമാനം മുംബൈയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് ചെയ്തതിന് പിന്നാലെ സുരക്ഷാ ജീവനക്കാര്‍ യുവാവിനെ പിടികൂടുകയായിരുന്നു. എയര്‍ക്രാഫ്റ്റ് ആക്ട് ലംഘനം, ജീവന്‍ അപായപ്പെടുത്താന്‍ ശ്രമം, ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് അബ്ദുള്‍ മുസാവറിനെതിരെ ചുമത്തിയിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.

You might also like