വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിന് ഫണ്ട് ശേഖരണത്തിനിറങ്ങി ആക്ഷൻ കൗൺസിൽ.
പാലക്കാട് : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിന് ഫണ്ട് ശേഖരണത്തിനിറങ്ങി ആക്ഷൻ കൗൺസിൽ. യെമനിലെ മധ്യസ്ഥ ശ്രമത്തിലൂടെ മോചനം സാധ്യമാക്കുകയാണ് ലക്ഷ്യം. നെന്മാറ എംഎൽഎ കെ.ബാബുവിന്റെ നേതൃത്വത്തിൽ മൂന്ന് കോടിയുടെ ബ്ലഡ് മണി കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ യെമൻ പൗരൻ കൊല്ലപ്പെട്ട കേസിലാണ് 2014 മുതൽ ജയിലിൽ കഴിയുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെട്ട് നിയമസഹായം നൽകാനുള്ള ശ്രമത്തിനിടെയാണ് യെമൻ സുപ്രീം കോടതി നിമിഷയുടെ അപ്പീൽ തള്ളിയത്. നിലവിൽ വധശിക്ഷ ഏത് സമയവും നടപ്പാക്കുമെന്ന സ്ഥിതിയാണുള്ളത്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവുമായി ബന്ധപ്പെട്ട് മാപ്പ് അപേക്ഷിക്കാനും ബ്ലഡ് മണി നൽകാനും കോടതി വിധിയിൽ അനുവാദമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ ഫണ്ട് ശേഖരണവുമായി രംഗത്തെത്തിയത്.