കലാപം രൂക്ഷമായ കെനിയയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം.

0

നെയ്റോബി: കലാപം രൂക്ഷമായ കെനിയയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം. നിലവിലുള്ള സംഘർഷാവസ്ഥ കണക്കിലെടുത്ത് കെനിയയിലെ എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കാനും പ്രക്ഷോഭ ബാധിത പ്രദേശങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്ര ഒഴിവാക്കാനുമാണ് നിർദേശം. നികുതി വർധനയ്ക്ക് എതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന കെനിയയിൽ ജനക്കൂട്ടം പാർലമെന്‍റിന് തീയിട്ടു. കൂറ്റൻ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഒരു ഭാഗം കത്തിനശിച്ചു. പത്തോളം പേർ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.

ആയിരക്കണക്കിന് ജനങ്ങളാണ് പാർലമെന്‍റിലേക്ക് ഇരച്ചെത്തിയത്. ഇതോടെ ജനപ്രതിനിധികള്‍ ഓടിരക്ഷപ്പെട്ടു. സംഘർഷം മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു. പൊലീസ് വെടിവയ്പ്പിൽ മരിച്ചവരുടെ കൃത്യമായ എണ്ണം എത്രയെന്ന് വ്യക്തമല്ല. പ്രക്ഷോഭം പടരുന്നതിനിടെ കൊള്ളയും വ്യാപകമായി. കടകളിൽ നിന്ന് ആള്‍ക്കൂട്ടം സാധനങ്ങൾ എടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണികളോട് എങ്ങനെ പ്രതികരിക്കണമെന്നതിൽ നിർണായക വഴിത്തിരിവുണ്ടായിരിക്കുന്നുവെന്ന് പ്രസിഡന്‍റ് വില്യം റൂട്ടോ പറഞ്ഞു. ഇപ്പോഴത്തെ പ്രക്ഷോഭം രാജ്യദ്രോഹമാണെന്നും എന്ത് വിലകൊടുത്തും അശാന്തി ഇല്ലാതാക്കുമെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. പോലീസിനൊപ്പം സൈന്യത്തെ വിന്യസിച്ചതായി കെനിയയുടെ പ്രതിരോധ മന്ത്രി പറഞ്ഞു.

You might also like