കര്‍ണാടകയില്‍ മണ്ണിടിച്ചില്‍ കാണാതായ മലയാളി അര്‍ജുനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; തിരച്ചില്‍ ഊര്‍ജിതം
ഉത്തര കന്നഡ ജില്ലയിലെ ഷിരൂര്‍ ദേശീയപാതയിൽ മൂന്നു ദിവസം മുൻപുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി കര്‍ണാടക സര്‍ക്കാര്‍. കേരളത്തില്‍നിന്നുള്ള ജനപ്രതിനിധികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫിസ് സംഭവത്തില്‍ ഇടപെട്ടത്.
അര്‍ജുന്‍ ഓടിച്ച ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ സൈബര്‍ സെല്ലിനു കൈമാറി. എ ഡി ജി പി ആര്‍ ഹിതേന്ദ്രയും ഉത്തര കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി മംഗള എസ് വൈദ്യയും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്.
പതിനാറാം തിയ്യതിയായിരുന്നു ദേശീയപാത 66 ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ആറുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു.