ചന്ദ്രനിൽ ആണവനിലയം സ്ഥാപിക്കുമെന്ന് റഷ്യ

0

മോസ്കോ: ചന്ദ്രനിൽ അഞ്ഞൂറ് കിലോവാട്ട് ഊർജ്ജം ഉത്പാദിപ്പിക്കുന്ന വൻ ആണവനിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി റഷ്യ രംഗത്തെത്തി. ചൈനയും ഇന്ത്യയും ഇതിൽ കൈകോർക്കും.

വിവിധ അന്തർദേശീയ ബഹിരാകാശ പദ്ധതികൾക്ക് അടിത്തറ പാകാനാണ് ഇതിലൂടെ റഷ്യൻ ആണവോർജ കോർപ്പറേഷനായ റോസറ്റോമിന്റെ നീക്കം. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസും തങ്ങൾ ചന്ദ്രനിൽ ആണവോർജ നിലയം സ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. 2036 – ൽ ഇത് യാഥാർത്ഥ്യമാക്കുകയാണ് റഷ്യയുടെ ലക്ഷ്യം.

2050 – ൽ ചന്ദ്രനിൽ സ്വന്തം ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള ലക്ഷ്യങ്ങളുടെ മുന്നോടിയായാണ് ഇന്ത്യയും ഈ പദ്ധതിയുടെ ഭാഗമാകുന്നത്. ഇത് ഇന്ത്യയുടെ ഭാവി ചാന്ദ്ര ദൗത്യങ്ങൾക്ക് ശക്തിപകരുമെന്നാണ് പ്രതീക്ഷ. മനുഷ്യരെ ചന്ദ്രനിൽ അയക്കാതെ പൂർണമായി ഓട്ടോണമസ് ആയിട്ടാവും ചാന്ദ്രനിലയത്തിന്റെ നിർമാണമെന്ന് ഈസ്റ്റേൺ എക്കോണമിക് ഫോറത്തിൽ
റോസറ്റോം മേധാവി അലക്സി ലിഖാച്ചെ പറഞ്ഞു. അതിന് ആവശ്യമായ സാങ്കേതിക വിദ്യകളുടെ നിർമാണം അവസാനഘട്ടത്തിലാണെന്നും അദ്ദേഹം വുക്തമാക്കി.

ചന്ദ്രനിൽ 14 ദിവസം പകലും 14 ദിവസം രാത്രിയും ആയതിനാൽ പൂർണമായും സൂര്യപ്രകാശത്തെ ആശ്രയിക്കാൻ സാധിക്കില്ല. ഇക്കാരണത്താലാണ് ആണവോർജ്ജം പ്രയോജനപ്പെടുന്നത്. നിലവിൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും സ്വന്തം ആണവോർജ നിലയം ചന്ദ്രനിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്.

You might also like