ഇന്തോനേഷ്യയിലെ പാപ്പുവ മേഖലയിൽ 19 മാസമായി തടവിലായിരുന്ന ന്യൂസിലൻഡ് പൈലറ്റിന് മോചനം
ജക്കാര്‍ത്ത: 19 മാസമായി ഇന്തോനേഷ്യയിലെ പാപ്പുവ മേഖലയിൽ തടവിലായിരുന്ന ന്യൂസിലൻഡ് പൈലറ്റ് ഫിലിപ്പ് മെഹർട്ടെൻസിന് ഒടുവിൽ മോചനം. മെഹർട്ടെൻസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ ടിമികയിൽ വൈദ്യപരിശോധന നടത്തി വരികയാണെന്നും ഇന്തോനേഷ്യൻ പോലീസ് വക്താവ് പറഞ്ഞു. സ്വതന്ത്രനായ ശേഷം മെഹർട്ടെൻസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിൻ്റെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു.
2023 ഫെബ്രുവരിയിലാണ് വെസ്റ്റ് പപ്പുവ നാഷണൽ ലിബറേഷൻ ആർമി (ടിപിഎൻപിബി) ന്യൂസിലൻഡ് പൈലറ്റിനെ തട്ടിക്കൊണ്ടുപോയത്. പൈലറ്റ് ഫിലിപ്പ് മാർക്ക് മെഹർട്ടെൻസിനെ വിട്ടയക്കണമെങ്കില്‍ ഇന്തോനേഷ്യൻ സൈന്യം പാപ്പുവയിൽ നിന്ന് പുറത്ത് പോകണമെന്നും അല്ലാത്തപക്ഷം പൈലറ്റിനെ ജീവപര്യന്തം തടവിലാക്കുമെന്നുമായിരുന്നു വിമതർ പറഞ്ഞത്.
പ്രകൃതി വിഭവങ്ങളാല്‍ സമൃദ്ധമായ പാപുവയുടെ പടിഞ്ഞാറന്‍ മേഖലയെ ഇന്തോനേഷ്യയില്‍ നിന്ന് സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഘടനവാദികളുടെ പ്രവര്‍ത്തനം. ഇന്തോനേഷ്യന്‍ സൈന്യം പാപ്പുവയിലെ സാധാരണക്കാരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ഓഗസ്റ്റിൽ ഇന്തോനേഷ്യയുടെ കിഴക്കേ അറ്റത്തുള്ള പാപ്പുവയില്‍ ന്യൂസിലന്‍ഡില്‍ നിന്നുള്ള പൈലറ്റിനെ വിഘടനവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. പശ്ചിമ പാപുവ ലിബറേഷന്‍ ആര്‍മി സംഘാംഗങ്ങളാണ് പൈലറ്റിനെ വെടിവച്ച് കൊന്നത്. ഇന്തോനേഷ്യയുടെ നിയന്ത്രണത്തിലുള്ള പാപ്പുവ, വെസ്റ്റ് പാപ്പുവ പ്രദേശങ്ങള്‍ ചേര്‍ത്ത് സ്വതന്ത്ര പാപ്പുവയ്ക്കായി പ്രവര്‍ത്തിക്കുന്ന ഫ്രീ പാപ്പുവയുടെ ആയുധ സംഘമാണിത്