ഓസ്‌ട്രേലിയന്‍ വര്‍ക്കിങ് ഹോളിഡേ മേക്കര്‍ വീസ പ്രോഗ്രാമിലേക്ക് അപേക്ഷിച്ചത് 40,000 ഇന്ത്യക്കാര്‍

0

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ ഒരു വര്‍ഷംവരെ താമസിച്ച് ജോലി ചെയ്യാനോ, പഠിക്കാനോ സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് അവസരം ലഭിക്കുന്ന ഓസ്‌ട്രേലിയന്‍ വര്‍ക്കിങ് ഹോളിഡേ മേക്കര്‍ വീസ പ്രോഗ്രാമിലേക്ക് ഇതുവരെ അപേക്ഷിച്ചത് 40,000 പേര്‍. വീസ പ്രോഗ്രാമിന് തുടക്കമായി രണ്ടാഴ്ചയാവുമ്പോഴേക്കുമാണ് ആയിരം പേര്‍ക്കുള്ള അവസരത്തിനായി നാല്‍പത് ഇരട്ടി വീസ അപേക്ഷകള്‍ വന്നിരിക്കുന്നത്.

ഇന്ത്യയും ഓസ്‌ട്രേലിയയയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനായാണ് ഓരോ വര്‍ഷവും ആയിരം വീതം മേക്കര്‍ വീസ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒന്നാം തിയതിയായിരുന്നു വീസ ബാലറ്റ് എന്ന ഇതിനായുള്ള പദ്ധതിക്ക് തുടക്കമിട്ടത്. 31 വരെയാണ് അപേക്ഷിക്കാന്‍ സാധിക്കുക.

വീസ ലഭിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം ആദ്യത്തില്‍തന്നെ ഓസ്‌ട്രേലിയയിലേക്കു പറക്കാനാവും. ഓസ്‌ട്രേലിയയുടെ സംസ്‌കാരം അറിയാനും അനുഭവിക്കാനും ഈ വീസയില്‍ രാജ്യത്തെത്തുന്നതിലൂടെ ഇന്ത്യക്കാര്‍ക്ക് സാധിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ മന്ത്രി തിസ്‌ലേ ത്വെയിറ്റ് വ്യക്തമാക്കി. തങ്ങളുടെ രാജ്യത്ത് ഇന്ത്യക്കാരായ 10 ലക്ഷത്തോളം പേര്‍ ജീവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

You might also like