കാനഡയില്‍ കൗമാരക്കാരനിൽ എച്ച്-5 പക്ഷിപ്പനി
കാനഡയില്‍ കൗമാരക്കാരനിൽ എച്ച്-5 പക്ഷിപ്പനി വൈറസ്ബാധ സ്ഥിരീകരിച്ചു. ആദ്യമായാണ് കാനഡയിൽ എച്ച്5 വൈറസ്ബാധ സ്ഥിരീകരിക്കുന്നത്. ലോകത്തുതന്നെ മനുഷ്യരിൽ ഈ വൈറസ് ബാധ അപൂർവമാണെന്ന് വിദഗ്ധർ പറയന്നു. കൗമാരക്കാരന്റെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന റിപ്പോർട്ട് വെസ്റ്റേണ്‍ പ്രൊവിന്‍സിന്റെ വെബ്‌സൈറ്റില്‍ ശനിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
രോഗബാധ വീണ്ടും ഉറപ്പിക്കുന്നതിനായി കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. രോഗബാധിതനായ കൗമാരക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ തിരിച്ചറിയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ലക്ഷണങ്ങളുണ്ടോ എന്ന് വിലയിരുത്തേണ്ടതും പരിശോധനയിലും പ്രതിരോധ നടപടികളിലും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതും പ്രധാനമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
യു.എസില്‍ മിഷിഗണിലും ടെക്‌സാസിലും ഈ വര്‍ഷം ആദ്യം പക്ഷിപ്പനി മനുഷ്യരിൽ സ്ഥിരീകരിച്ചിരുന്നു. പക്ഷിപ്പനി പടര്‍ന്ന ഫാമുകളിലൊന്നിലെ ജീവനക്കാരന് വൈറസ് ബാധയേറ്റതോടെയാണ് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ), രോഗകാരിയായ എച്ച്5 വൈറസിനെ പഠനവിധേയമാക്കിയത്. ഉയര്‍ന്ന മരണനിരക്കിന് കാരണമാകുന്ന എച്ച്5എന്‍1 വൈറസ്, കോവിഡ്-19 വൈറസിനേക്കാള്‍ നൂറുമടങ്ങ് അപകടകാരിയെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അസാധാരണമാംവിധം മരണനിരക്ക് ഉയരാനിടയുള്ള അപകടകാരിയായാണ് മ്യൂട്ടേഷന്‍ സംഭവിച്ച എച്ച്5 വൈറസ്. വൈറസിനെ കൈകാര്യം ചെയ്യുന്നതില്‍ ചെറിയ പാളിച്ചയുണ്ടായാല്‍ തന്നെ, അത് വേഗം ലോകം മുഴുക്കെ പടരുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷിപ്പനി ബാധിക്കുന്നതില്‍ പകുതിപേരും മരിക്കുന്നതായാണ് 2003 മുതലുള്ള ഡബ്ലു.എച്ച്.ഒ. കണക്കുകള്‍ സൂചിപ്പിക്കുന്നത്.