രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി

0

ജയ്പൂര്‍: രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി. ഝലാവറിലാണ് സംഭവം.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുട്ടി കുഴൽ കിണറിൽ വീണത്. 32 അടി താഴ്ചയിൽ കുടുങ്ങിയ കുട്ടിയെ എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് സംഘങ്ങൾ ചേർന്ന് രക്ഷപ്പെടുത്തി. കൃഷിസ്ഥലത്ത് കളിക്കുന്നതിനിടയാണ് അഞ്ചുവയസ്സുകാരൻ കുഴൽക്കിണറിൽ അകപ്പെട്ടത്.

5 വയസുകാരനായ പ്രഹ്ലാദ് എന്ന കുട്ടിയാണ് ഇന്നലെ ഉച്ചയോടെ കുഴൽക്കിണറിൽ വീണത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ആയിരുന്നു അപകടം. രണ്ട് ദിവസം മുൻപെയാണ് ഈ കുഴൽക്കിണർ കുഴിച്ചത്. എന്നാൽ വെള്ളം കാണാത്തതിനെത്തുടർന്ന് കിണർ മൂടാൻ കുട്ടിയുടെ കുടുംബാം​ഗങ്ങൾ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് കുഴൽക്കിണറിന്റെ ഭൂരിഭാ​ഗവും മൂടിയ അവസ്ഥയിലായിരുന്നു.

കുട്ടി കുഴൽക്കിണറിൽ അകപ്പെട്ട ഉടനെ തന്നെ എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘം സ്ഥലത്ത് എത്തിയിരുന്നു. ഉപകരണങ്ങൾ ഉപയോ​ഗിച്ച് കുട്ടിയെ മുകളിലേക്ക് ഉയർത്തിയെടുക്കുകയായിരുന്നു. ഏകദേശം 12 മണിക്കൂറോളം രക്ഷാ പ്രവർത്തനം നീണ്ടു. കുട്ടിയ്ക്ക് വേണ്ട എല്ലാ മെഡിക്കൽ സൗകര്യങ്ങളും ഡോക്ടർമാരും സ്ഥലത്തെത്തി നൽകിയിരുന്നു. ഓക്സിജൻ ട്യൂബിലൂടെ കുട്ടിക്ക് എത്തിക്കുന്നുണ്ടായിരുന്നു. നിലവിൽ കുഴൽക്കിണറിൽ നിന്ന് പുറത്തെത്തിച്ച കുട്ടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

You might also like