യുഎഇയില്‍ ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് അഞ്ഞൂറോളം നേഴ്‌സുമാരെ ദുബായിലെത്തിച്ച് ഏജന്റുമാര്‍ കയ്യൊഴിഞ്ഞതായി പരാതി.
തിരുവനന്തപുരം: യുഎഇയില്‍ ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് അഞ്ഞൂറോളം നേഴ്‌സുമാരെ ദുബായിലെത്തിച്ച് ഏജന്റുമാര്‍ കയ്യൊഴിഞ്ഞതായി പരാതി. ദുബായിയില്‍ കുടുങ്ങികിടക്കുന്ന നേഴ്‌സുമാരുടെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഓരോ നേഴ്‌സുമാരില്‍ നിന്നും 2.30 ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ഇവര്‍ പറ്റിച്ചതായും പരാതിയില്‍ പറയുന്നു. ലേബര്‍ ക്യാംപിലെ ഒരോ മുറിയിലും പതിനഞ്ചോളം പേര്‍ ചേര്‍ന്ന് ദുരിതജീവിതം നയിക്കുകയാണ്.
യുഎഇയിലെ പൊതുആരോഗ്യമേഖലയില്‍ വാക്‌സിന്‍ നല്‍കുന്നതിന് കോവിഡ് വാക്‌സിന്‍ ഡ്യൂട്ടി എന്ന തസ്തികയില്‍ നഴ്സ്മാരെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് അപേക്ഷിച്ചവരാണ് വഞ്ചിതരായ നേഴ്‌സുമാര്‍. എറണാകുളം കലൂരില്‍ ഉള്ള സിയാദ് ടവറില്‍ ടേക്ക് ഓഫ് എന്ന സ്ഥാപനത്തിലാണ് ഇവര്‍ ജോലിക്ക് വേണ്ടി പണം അടച്ചത്. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും പണമടച്ച അഞ്ഞൂറോളം നേഴ്‌സുമാരെ ദുബായില്‍ കൊണ്ട് വന്നിട്ട് ഇപ്പോള്‍ ഏജന്റുമാരെ വിളിച്ചാല്‍ പ്രതികരിക്കാത്ത അവസ്ഥയാണുള്ളതെന്ന് നേഴ്‌സുമാരുടെ ബന്ധുക്കള്‍ പറയുന്നു. എല്ലാവരെയും മൂന്ന് മാസത്തെ വിസിറ്റിങ് വിസ നല്‍കിയാണ് എത്തിച്ചിരിക്കുന്നത്.
യുഎഇയില്‍ ഗവണ്മെന്റ് ജോലി എന്ന് വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പാണ് ഈ സ്ഥാപനം നടത്തിയിരിക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഒരു സുരക്ഷയും ഇല്ലാതെ ഒരു റൂമില്‍ 13-15 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇത്രയും പേര്‍ക്ക് കൂടി ഒരു ടോയ്‌ലറ്റ് ആണ് ഉള്ളത്. ഭക്ഷണവും വളരെ മോശമാണ്. കേരളത്തില്‍ നിന്നും എത്തിച്ചിരിക്കുന്നവരെ ഇത്തരത്തില്‍ പല മുറികളിലായാണ് താമസിപ്പിച്ചിരിക്കുന്നത്.
യുഎഇയില്‍ എത്തിയാല്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ ജോലിയില്‍ പ്രവേശിക്കാം, ഒന്നര ലക്ഷം പ്രതിമാസ ശമ്ബളം, സൗജന്യ താമസം, ഭക്ഷണം എന്നൊക്കെ വാഗ്ദാനം നല്‍കിയാണ് അവരില്‍ നിന്നും രണ്ടര ലക്ഷം വീതം വാങ്ങിച്ചത്. എന്നാല്‍ ഇപ്പോള്‍ വാക്സിന്‍ ഡ്യൂട്ടി കഴിഞ്ഞെന്നും ഇനി ഉള്ളത് ഹോം നേഴ്‌സ് ജോലി മാത്രം ആണെന്നുമാണ് അവര്‍ പറയുന്നതെന്നാണ് കുടുങ്ങിക്കിടക്കുന്നവര്‍ പറയുന്നത്. പറ്റില്ല എങ്കില്‍ തിരിച്ചുപോകണമെന്നും വാങ്ങിയ കാശ് തിരിച്ചു തരാന്‍ പറ്റില്ലെന്നും ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. പണം തിരിച്ചുചോദിച്ച് വിളിക്കുന്നവരെ വീട്ടില്‍ കയറി അക്രമിക്കുമെന്ന് പറഞ്ഞതായും ഇവര്‍ പരാതിപ്പെടുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ നേഴ്‌സുമാരെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കി സാധാരണക്കാരെ വലയിലാക്കുകയാണ് ഇവര്‍ ആദ്യം ചെയ്യുന്നത്. ആകര്‍ഷകമായ ശമ്ബള വ്യവസ്ഥകളും അതിന് അടയ്‌ക്കേണ്ടി വരുന്ന താരതമ്യേന കുറഞ്ഞ വിസ തുകയുമൊക്കെ കേള്‍ക്കുമ്ബോള്‍ ഏതൊരാളും വീണുപോകും. അതിനോടൊപ്പം ഇവരുടെ ഏജന്‍സി വഴി ജോലി കിട്ടയവരെന്ന പേരില്‍ ചില സ്ത്രീകളെ കൊണ്ട് വിളിപ്പിക്കുക കൂടി ചെയ്യുമ്ബോള്‍ അവര്‍ക്ക് പിന്നെ യാതൊരു സംശയവുമുണ്ടാകില്ല. കൂടുതല്‍ അന്വേഷണത്തിന് പോലും സമയം നല്‍കാതെ വളരെ പെട്ടെന്നുതന്നെ യാത്രയ്ക്കുള്ള പേപ്പര്‍വര്‍ക്കുകളൊക്കെ തീര്‍ത്ത് അവരെ ദുബായിലെത്തിക്കുകയാണ് ചെയ്യുന്നത്. ലേബര്‍ ക്യാമ്ബിലെത്തിച്ച ശേഷം ഏജന്റുമാരും മുങ്ങുന്നു. അവിടെ കുടുങ്ങിപ്പോകുന്ന പെണ്‍കുട്ടികളില്‍ പലരും നാണക്കേടും ഭയവും കാരണം പരാതിപ്പെടാന്‍ പോലും തയ്യാറാകാറില്ല. അവിടെ തന്നെ ഏതെങ്കിലും ചെറിയ ആശുപത്രികളില്‍ ബയോഡാറ്റ നല്‍കി ജോലിക്ക് കയറാനാണ് ശ്രമിക്കുക. കിട്ടാത്തവര്‍ വിസറ്റിങ് വിസയുടെ കാലാവധി കഴിയുമ്ബോള്‍ തിരിച്ചുവരും. പക്ഷെ അവരും പരാതിപ്പെടാന്‍ ധൈര്യപ്പെടുന്നില്ല. ഇതുമൂലം നിരവധിവര്‍ഷങ്ങളായി ഇവര്‍ ഈ തട്ടിപ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫിറോസ് ഖാന്‍ എന്നയാളുടെതാണ് ടേക്ക് ഓഫ് എന്ന സ്ഥാപനം. ഇവരുടെ ഏജന്റ് ആയി യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ചിലരാണ് ദുബായില്‍ തട്ടിപ്പിന് നേതൃത്വം നല്‍കുന്നതെന്ന് നേഴ്‌സുമാര്‍ വെളിപ്പെടുത്തുന്നു. മുന്‍പ് കീ ഡോട്ട് എന്ന പേരിലായിരുന്നു ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരുടെ പേരില്‍ പൊലീസ് കേസ് എടുത്തപ്പോള്‍ ടേക്ക് ഓഫ് എന്ന് പേര് മാറ്റുകയായിരുന്നു. മൂന്ന് മാസത്തെ വിസ കാലാവധി കഴിഞ്ഞ് വരുന്നവര്‍ പണം തിരിച്ചുചോദിച്ചാല്‍ അവരെ ഭീഷണിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ഇവരുടെ സ്ഥാപനം എറണാകുളത്ത് കൂടാതെ കോട്ടയത്തും ബാംഗ്ലൂരും ഹൈദ്രബാദിലും സമാനമായ തട്ടിപ്പ് നടത്തി കോടികള്‍ സമ്ബാദിക്കുകയാണ്. തട്ടിപ്പിന്റെ എല്ലാ രേഖകളും കാശ് കൊടുത്തതിന്റെ രേഖകളും ഫോണ്‍ കോളുകളുടെ റിക്കോര്‍ങ്‌സും അടക്കമാണ് നേഴ്‌സുമാരുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.