വാക്സീനെടുത്ത യുവാക്കളിൽ നിന്ന് ആലോചന ക്ഷണിക്കുന്നു; വൈറൽ പരസ്യം; ശശി തരൂർ അടക്കം നിരവധിപ്പേരാണ് ഈ പരസ്യം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്
ദില്ലി: കോവിഡ് കാലം നമ്മുടെ സാധാരണ ജീവിതത്തിൽ നിരവധി മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. വിവാഹങ്ങളുടെ രീതികൾ പാടേ മാറി. അപ്പോൾ വിവാഹ പരസ്യവും മാറണ്ടേ..? മാറിയിരിക്കുകയാണ്. കോവിഡ് വാക്സീൻ സ്വീകരിച്ച യുവാക്കളിൽ നിന്ന് ആലോചനകൾ ക്ഷണിച്ചുകൊണ്ടുള്ള പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
റോമൻ കത്തോലിക്ക് യുവതി, കണക്കിൽ ബിരുദാനന്തര ബിരുദം, 24 വയസ്സ്, സ്വന്തമായി തൊഴിൽ എന്നതിനൊപ്പം കോവിഷീൽഡ് വാക്സീന്റെ രണ്ട് ഡോസും എടുത്തിട്ടുണ്ടെന്ന് യുവതി പരസ്യത്തിൽ പറയുന്നു. ബിരുദാനന്തര ബിരുദധാരിയായിരിക്കണം, ക്ഷമാശീലവും നർമ്മബോധവും വായനാശീലവും ഉള്ള കോവിഷീൽഡ് വാക്സീന്റെ രണ്ട് ഡോസുകളുമെടുത്ത യുവാക്കളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നവെന്നാണ് പരസ്യം.
ശശി തരൂർ അടക്കം നിരവധിപ്പേരാണ് ഈ പരസ്യം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. വാക്സീനെടുത്ത വധു വാക്സീനെടുത്ത വരനെ തേടുന്നു. ഇത് ഇപ്പോൾ ഒരു സ്വാഭാവിക സംഭവമാകുമോ..? തരൂർ ചോദിക്കുന്നു.