TOP NEWS| ഹംഗറിയുടെ ക്രിസ്തീയ നിലപാടില്‍ വിറളിപൂണ്ട് യൂറോപ്യന്‍ രാജ്യങ്ങള്‍
ബുഡാപെസ്റ്റ്: സ്വവര്‍ഗ്ഗാനുരാഗവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹംഗറിയുടെ പുതിയ നിയമനിര്‍മ്മാണത്തില്‍ വിറളിപൂണ്ട് യൂറോപ്യന്‍ രാജ്യങ്ങള്‍. രാജ്യത്തിന്റെ ക്രിസ്തീയ ധാര്‍മ്മിക പാരമ്പര്യം സംരക്ഷിക്കുവാന്‍ ശക്തമായി നിലകൊള്ളുന്ന യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ വിരലില്‍ എണ്ണാവുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഹംഗറി. സ്വവര്‍ഗ്ഗാനുരാഗവും കുട്ടികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശക്തമായി ഹംഗറി തീരുമാനമെടുത്തതിന് പിന്നാലെ വിമര്‍ശനവുമായി ഹോളണ്ട് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടേയാണ് രംഗത്തെത്തിയിരിക്കുന്നത്. ഹംഗറിയ്ക്കു യൂറോപ്യന്‍ യൂണിയനില്‍ യാതൊരു സ്ഥാനവും ഉണ്ടായിരിക്കില്ലെന്ന് ഹോളണ്ട് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടേ ഭീഷണി മുഴക്കി. ബ്രസ്സല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു മുന്‍പ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് റുട്ടേ ഇക്കാര്യം പറഞ്ഞത്.
യൂറോപ്യന്‍ യൂണിയനിലെ മറ്റ് 26 അംഗ രാഷ്ടങ്ങളും “ഹംഗറി പോകണം” എന്ന അഭിപ്രായക്കാരായിരിക്കണമെന്നും ഇത് പടിപടിയായി നടക്കേണ്ട കാര്യമാണെന്നും ഇദ്ദേഹം പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമം ഉടന്‍തന്നെ പിന്‍വലിച്ചില്ലെങ്കില്‍ അടിസ്ഥാന മനുഷ്യാവകാശ ലംഘനത്തിന് നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ നിലപാട്. യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ 27 രാഷ്ട്രങ്ങളില്‍ 14 രാഷ്ട്രങ്ങള്‍ ബെല്‍ജിയത്തിന്റെ നേതൃത്വത്തില്‍ ഹംഗറിയുടെ പുതിയ നിയമനിര്‍മ്മാണത്തില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ജൂണ്‍ 14-ന് ഒരു സംയുക്ത പ്രസ്താവന പുറത്തുവിട്ടിരുന്നു. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെനും പുതിയ നിയമത്തേ അപലപിച്ചിട്ടുണ്ട്.
എന്നാല്‍ ക്രിസ്തീയ ധാര്‍മികതയ്ക്കു വേണ്ടി ഏതറ്റം വരെ പോകുന്ന ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ വിഷയത്തില്‍ ശക്തമായി നിലപാടുമായി മുന്നോട്ടു പോകുകയാണ്. ഹംഗേറിയന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു. ബില്‍ പാസ്സായ ദിവസം തന്നെ ബില്ലിനെതിരെ പ്രതിഷേധിക്കുവാന്‍ ബുഡാപെസ്റ്റിലെ പാര്‍ലമെന്റ് ഹൗസിനു മുന്നില്‍ നിരവധി പേരാണ് തടിച്ചുകൂടിയത്. പുതിയ നിയമം സ്വവര്‍ഗ്ഗാനുരാഗികളെയല്ല, മറിച്ച് കുട്ടികളേയും, മാതാപിതാക്കളേയും ഉദ്ദേശിച്ചുള്ളതാണെന്നു ഓര്‍ബാന്‍ വ്യക്തമാക്കി.
ഇതിനു മുന്‍പും ഹംഗറി സമാനമായ നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്. സ്വവര്‍ഗ്ഗാനുരാഗികളായ പങ്കാളികള്‍ കുട്ടികളെ ദത്തെടുക്കുന്നത് വിലക്കിക്കൊണ്ട് ‘കുടുംബം’ എന്ന ആശയത്തെ പുനര്‍വ്യാഖ്യാനിക്കുന്ന ഒരു നിയമം 2020 ഡിസംബറില്‍ ഹംഗറി വോട്ടിംഗിലൂടെ പാസ്സാക്കിയിരുന്നു. ഈ നിയമത്തിനും മനുഷ്യാവകാശ സംഘടനകളില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഹംഗറിയില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുവാനിരിക്കവേയാണ് പുതിയ നിയമനിര്‍മ്മാണമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസം വീണ്ടും പുനര്‍ജ്ജീവിപ്പിക്കാന്‍ തുടരെ തുടരെ ശബ്ദമുയര്‍ത്തുന്ന നേതാവ് കൂടിയാണ് വിക്ടര്‍ ഓര്‍ബാന്‍.