കരിയില കൂനയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവം; കാണാതായ സ്ത്രീകളിലൊരാളുടെ മൃതദേഹം കണ്ടെത്തി

0

കൊല്ലം : കല്ലുവാതുക്കലിൽ കരിയില കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസിൽ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കാണാതായ സ്ത്രീകളിലൊരാളുടെ മൃതദേഹം കണ്ടെത്തി. ഊഴായിക്കോട് സ്വദേശി ആര്യ(23) ആണ് മരിച്ചത്. ഇത്തിക്കരയാറിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ രണ്ടാമത്തെ യുവതിക്കായി ഇത്തിക്കരയാറിലും പരിസരത്തും തിരച്ചിൽ തുടരുന്നു. കേസിൽ അറസ്റ്റിലായ രേഷ്മയുടെ അടുത്ത ബന്ധുക്കളാണ് ഇരുവരും.

കരിയില കൂനയിൽ കുഞ്ഞിനെ ഉപേക്ഷിച്ചു കൊന്ന രേഷ്മയുടെ ഭർതൃസഹോദര ഭാര്യയെയും, സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതൽ ഇരുവരെയും ബന്ധുക്കൾ കണ്ടിട്ടില്ല. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതിനെ തുടർന്നാണ് പരിസരത്ത് പൊലീസ് പരിശോധന നടത്തിയത്. കുഞ്ഞിനെ കൊന്ന കേസിലെ പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത് സഹോദര ഭാര്യയുടെ പേരിലുള്ള സിം കാർഡായിരുന്നു. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചറിയാനാണ് ഇവരെ പാരിപ്പള്ളി പൊലീസ് വിളിപ്പിച്ചത്. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ഈ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. കാണാതായ രണ്ടാമത്തെ യുവതിക്ക് കേസുമായി ഒരു തരത്തിലുള്ള ബന്ധവും കണ്ടെത്തിയിട്ടുമില്ല

You might also like