പ്രതിദിന ചിന്ത | സാമൂഹിക നീതിയ്ക്കായുള്ള ശബ്ദമുയർത്തൽ

0

ആമോസ് 2:7 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ നീതിമാനെ പണത്തിന്നും ദരിദ്രനെ ഒരുകൂട്ടു ചെരിപ്പിന്നും വിറ്റുകളഞ്ഞിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.”

മോവാബിനെ കുറിച്ചുള്ള പ്രവചനം (2:1-3), യഹൂദയെ കുറിച്ചുള്ള പ്രവചനം (2:4-5), യിസ്രായേലിനെ കുറിച്ചുള്ള പ്രവചനം (2:6-16) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

മുൻ അദ്ധ്യായത്തിന്റെ തുടർച്ചയായി കുറിയ്ക്കപ്പെട്ടിരിക്കുന്ന അദ്ധ്യായമാണിത്. മോവാബിന്റെ ആവർത്തിച്ചാവർത്തിച്ചുള്ള അതിക്രമങ്ങൾ (2:1) ദൈവത്താൽ കണക്കിടപ്പെടുമെന്നുള്ള പ്രഖ്യാപനം ഇവിടെ വായനയാകുന്നു. അതേസമയം യഹൂദയോടും (2:4-5) യിസ്രായേലിനോടും (2:6-16) രൂക്ഷഭാഷയിൽ തന്നെ യഹോവയായ ദൈവം ഇടപെടുന്നതും വിശേഷാൽ ശ്രദ്ധിച്ചാലും! യഹൂദയുടെ കുറ്റകൃത്യം, യഹോവയുടെ ന്യായപ്രമാണത്തിന്റെ തള്ളിക്കളയലും വിഗ്രഹാരാധനയും ആയിരുന്നു. എന്നാൽ യിസ്രായേലിന്റേതാകട്ടെ, അവർ അനുവർത്തിച്ചു വന്ന സാമൂഹിക തിന്മകൾ ആയിരുന്നു. “അവർ നീതിമാനെ പണത്തിന്നും ദരിദ്രനെ ഒരുകൂട്ടു ചെരിപ്പിന്നും വിറ്റുകളഞ്ഞിരിക്കയാൽ തന്നേ” (2:6) എന്ന പ്രസ്താവന അതിനു തെളിവാണ്. അത്രയുമല്ല, എളിയവരുടെ തലയിൻ മേൽ പൊടി കാണുവാൻ കാംക്ഷിക്കുന്നു, സാധുക്കളുടെ വഴി മറിച്ചു കളയുന്നു, അസാധാരണമായ ദുർന്നടപ്പു, കൈക്കൂലി (2:7,8) മുതലായ അന്യായങ്ങൾ യിസ്രായേൽ ലേശവും ശങ്കയില്ലാതെ നടത്തി വരുന്നു. സാമൂഹിക തിന്മകളുടെ വിളനിലമായി അധപതിച്ചു പോയ യിസ്രായേലിന്റെ മുഖംമൂടി നന്നായി വലിച്ചുകീറിയിരിക്കുന്നു പ്രവാചകൻ ഇവിടെ! “പരദേശിയുടെയും അനാഥന്റെയും ന്യായം മറിച്ചുകളയരുതു; വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുതു” (ആവർ. 24:17), “ദരിദ്രൻ ദേശത്തു അറ്റുപോകയില്ല; അതുകൊണ്ടു നിന്റെ ദേശത്തു അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന്നു നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു” (ആവർ. 15:11) മുതലായ മോശയുടെ പ്രമാണങ്ങൾ തന്ത്രപൂർവ്വം അവർ മറന്നു കളഞ്ഞു. അതിനുള്ള ശിക്ഷയുടെ ഓർമ്മപ്പെടുത്തൽ പ്രവാചകൻ വളരെ കൃത്യമായി പ്രസ്താവിക്കുന്നു.

പ്രിയരേ, സാമൂഹിക പ്രതിബദ്ധതയിലൂന്നിയുള്ള ഒരു സംസ്കാരമാണ് ക്രിസ്താനുഗാമിയിൽ നിന്നും ദൈവം പ്രതീക്ഷിക്കുന്നത്. സമൂഹത്തോടും സഹജീവികളോടുമുള്ള കടപ്പാടുകൾ നീതിയുക്തമായി ചെയ്തു തീർക്കുക; അതിൽ നിന്നും ഓടിയൊളിക്കാതിരിക്കുക; അങ്ങനെ ദൈവേച്ഛയ്ക്ക് വിധേയപ്പെട്ട ഒരു ജീവിതശൈലി രൂപപ്പെടുത്തുക എന്നീ അടിസ്ഥാന നിർബന്ധങ്ങൾ തിരിച്ചറിഞ്ഞു ചുവടുകൾ വയ്ക്കുന്നല്ലേ അഭികാമ്യം!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like