പ്രതിദിന ചിന്ത | പഴുത്തപഴം നിറഞ്ഞ കൊട്ടയുടെ ദർശനം

0

ആമോസ് 8:1 “യഹോവയായ കർത്താവു എനിക്കു ഒരു കൊട്ട പഴുത്ത പഴം കാണിച്ചുതന്നു.”

പഴുത്ത അത്തിപ്പഴം നിറഞ്ഞ കൊട്ടയുടെ ദർശനം (8:1-3), അളവുതൂക്കങ്ങളിലെ അന്യായം (8:4-10), പ്രവാസനാളുകളിലെ യിസ്രായേലിന്റെ ആത്മീക പൈദാഹങ്ങൾ (8:11-14) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യിസ്രായേലിന്റെ സ്ഥിതിഗതികളിലേക്കുള്ള വസ്തുതാപരമായ വിരൽചൂണ്ടൽ നടത്തുന്ന മറ്റൊരു ദർശനമാണ് ഈ അദ്ധ്യായത്തിന്റെ വായന. ഒരു കൊട്ട പഴുത്ത പഴം ആമോസ് ദർശനത്തിൽ കാണുന്നു. ഇത് പഴക്കാലത്തിന്റെ അവസാനത്തിങ്കൽ ശേഖരിക്കപ്പെടുന്ന പഴമായിരിക്കാനാണ് സാധ്യത. പഴുത്ത പഴം എന്ന പ്രയോഗത്തിന് ‘പുഴുത്ത പഴം’ എന്ന വിശേഷണം കൊടുക്കുന്നതിൽ തെറ്റുണ്ടോ! “എന്റെ ജനമായ യിസ്രായേലിന്നു പഴുപ്പു വന്നിരിക്കുന്നു” (8:2c) എന്ന പ്രസ്താവന എന്റെ ആശയത്തെ സമ്പുഷ്ടമാക്കുന്നു! ഉപശാന്തിയുടെ വാതായനം അടച്ചുള്ള യിസ്രായേലിന്റെ പഴുത്ത പഴുക്കൽ, അനിഷേധ്യമായ യഹോവയുടെ ശിക്ഷയ്ക്കു കാരണമാകുമെന്ന നിർണ്ണയം (8:2d) പ്രഖ്യാപിക്കപ്പെടുന്നു. “അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണ പുരട്ടി ശമിപ്പിച്ചിട്ടുമില്ല” (യെശ. 1:6) എന്ന യെശയ്യാ പ്രവാചകന്റെ വാക്കുകൾ സമാനമായ സ്ഥിതിവിശേഷത്തിന്റെ സൂചനയല്ലേ! യഥാസമയം യഥാവിധിയായ ചികിത്സ ചെയ്യുന്നതിൽ പുലർത്തുന്ന അലംഭാവമാണ് ഇത്തരമൊരു ഗുരുതരമായ പശ്ചാത്തലത്തിനു കാരണമാകുന്നതെന്നു ന്യായമായി കരുതാം. പഴുത്ത പഴമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന യിസ്രായേൽ “ഒരു കൊട്ട” എന്ന പരിമിതമായ അളവിൽ ആയിരിക്കുന്നതും ശ്രദ്ധേയമല്ലേ! “അന്നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. ശവം അനവധി! എല്ലാടത്തും അവയെ എറിഞ്ഞുകളയും; മിണ്ടരുതു” (8:3) എന്ന പ്രസ്താവനയിൽ യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും ക്ഷാമവും മറ്റും വരുത്തി വച്ച കൂട്ട മരണങ്ങളുടെ (6:9,10) സൂചനയാണെന്ന് മനസ്സിലാക്കാം.

പ്രിയരേ, പഴുത്ത പഴം നിറഞ്ഞ ഒരു കൊട്ട എന്ന നിലയിലേക്ക് യിസ്രായേൽ ചുരുങ്ങിപ്പോയ വസ്തുത ഗൗരവതരമായ വിരൽചൂണ്ടലല്ലേ! ദൈവവ്യസ്ഥയുടെ അതിലംഘനം പഴുപ്പിനു മാത്രമല്ല, വിദൂരവ്യാപകമായ നാശത്തിനും കാരണമാകുമെന്ന മുന്നറിയിപ്പ് കുറികൊള്ളേണ്ടതു തന്നെ! സമയാസമയങ്ങളിലെ യഥാവിധിയുള്ള ചികിത്സ ജനത്തിന്റെ സൗഖ്യത്തിനും ആരോഗ്യത്തിനും വർദ്ധനവിനും കാരണമാകുമെന്ന പാഠവും ഇവിടെ അടിവരയിടപ്പെടുന്നു!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like