മാധ്യമങ്ങള്‍ വേട്ടയാടുന്നു, സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും അര്‍ജുന്‍ ആയങ്കി

0 185

രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ താൻ നിരപാരാധിയാണെന്ന് അർജുൻ ആയങ്കി. പാർട്ടിയുമായി തനിക്ക് ബന്ധമില്ല. മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും അർജുൻ ആയങ്കി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രം അർജുൻ ആണെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചു.

തനിക്ക് കേസുമായി ബന്ധമില്ല. പുറത്ത് വന്നതായി പറയപ്പെടുന്ന തൊണ്ണൂറ് ശതമാനം വിവരങ്ങളും വ്യാജമാണ്. മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിക്കുകയാണ്. തന്റെ നിരപരാധിത്വം താൻ തെളിയിച്ചോളാമെന്നും അർജുൻ ആയങ്കി പറഞ്ഞു. കസ്റ്റംസ് ഓഫീസിൽ നിന്ന് വൈദ്യപരിശോധനക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അർജുൻ ആയങ്കിയുടെ പ്രതികരണം.

താൻ സി.പി.എംകാരനല്ല. പാർട്ടിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. വളരെ കാലമായി പാർട്ടിയുമായി തനിക്ക് ബന്ധമില്ല. മാധ്യമങ്ങൾ ദിവസങ്ങളായി തന്നെ വേട്ടയാടുകയാണെന്നും അർജുൻ ആയങ്കി പറഞ്ഞു.

എന്നാൽ സ്വർണക്കടത്ത് കേസിലെ ബുദ്ധികേന്ദ്രം അർജുൻ ആയങ്കിയാണെന്ന് കസ്റ്റംസ് കോടതിയിൽ പറഞ്ഞു. വാട്സ്ആപ്പ് സന്ദേശങ്ങളും ശബ്ദരേഖയും ഇതിന് തെളിവാണ്. തെളിവ് നശിപ്പിക്കാൻ അർജുൻ ശ്രമിച്ചതായും പതിനാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു.

You might also like
WP2Social Auto Publish Powered By : XYZScripts.com