കണ്ണിറുക്കിയ വിശ്വാസി

0

ഒരു “ആത്മാവ്” ചർച്ചിൽ വന്ന സന്തോഷത്തിൽ ആയിരുന്നു എല്ലാ വിശ്വാസികളും. പക്ഷെ ആ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല. വന്ന ചെറുപ്പക്കാരൻ സ്ത്രീകളെനോക്കി കണ്ണിറുക്കി കാണിക്കുന്നു!

സഭാപാലകൻ അത് പ്രത്യേകം ശ്രദ്ധിച്ചു, പിന്നെ കാര്യം കാര്യകാരണസഹിതം സഭാകമ്മിറ്റിയുടെ അടുക്കൽ എത്തി. സ്ത്രീകളെ നോക്കി മാത്രമല്ല പുരുഷന്മാരെ നോക്കിയും പുതിയ ആത്മാവ് കണ്ണിറുക്കി കാണിക്കുന്നത്രെ! ങേ, അവൻ സ്വവർഗ്ഗരതിക്കാരൻ ആണോ? പുരുഷന്മാരെയും അവൻ വിടുന്നില്ലല്ലൊ! വിശ്വാസികൾ കുശുകുശുപ്പു തുടങ്ങി.

വിഷയം ചർച്ച ചെയ്ത് ചർച്ചയുടെ മൂർദ്ദന്യഘട്ടത്തിൽ എത്തിയപ്പോൾ വന്ന ആത്മാവിന് എന്തോ പന്തികേട് തോന്നിത്തുടങ്ങി. കാരണം വന്ന സമയത്ത് സ്നേഹം കാണിച്ചവർ, വീട്ടിൽ വിളിച്ചുവരുത്തി ആഹാരം കൊടുത്തവർ, പാട്ടിനും മറ്റു പല പ്രോഗ്രാമിനും സ്റ്റേജ് കൊടുത്തവർ ഇപ്പോൾ അവനെ കണ്ടില്ലാ എന്ന് നടിച്ച് പോകുന്നു. എല്ലാവരും അവനെ അകറ്റി നിറുത്തുവാൻ ശ്രമിക്കുന്നു. അത് അവന് വളരെ നന്നായി മനസ്സിലായി, പക്ഷെ എന്താ കാരണം എന്ന് മനസ്സിലായില്ല. അവൻ ആകെ വിഷണ്ണനായി.

മാസങ്ങൾ മുന്നോട്ടുപൊയ്ക്കൊണ്ടേയിരുന്നു. വിശ്വാസികൾ അവനെ ഒറ്റപ്പെടുത്തി തുടങ്ങി. അവസാനം സഭാപാലകന് വേറെ നിവൃത്തി ഒന്നും ഇല്ലാതെ അവനോടായി പറയേണ്ടിവന്നു, “ബ്രദറെ, ഒരു വിഷയം പറയുന്നതിൽ ക്ഷമിക്കണം. താങ്കളുടെ ചില ചെയ്തികളും രീതികളും സഭയിലെ പലർക്കും ഇഷ്ടപ്പെടുന്നില്ല. പലർക്കും എന്നല്ല ആർക്കും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ആത്മീക വിഷയങ്ങളിൽനിന്ന് ബ്രദർ മാറിനിൽക്കണം. സാക്ഷ്യം പറയുവാനൊ, കർതൃമേശ എടുക്കുവനൊ ഒന്നും ഇനി ബ്രദറിന് ഈ സഭയിൽ അനുവാദം ഉണ്ടായിരിക്കുന്നതല്ല.”

അത് കേട്ടിട്ട് വളരെ ദുഃത്തോടെ അവർ പറഞ്ഞു, “പാസ്റ്റർ ഞാൻ മറ്റൊരു മതത്തിൽപ്പെട്ട ഒരാളായിരുന്നു, അന്യദൈവങ്ങളെ ആരാധിച്ചിരുന്ന ഒരാളായിരുന്നു. അവിടെനിന്ന് ദൈവം എന്നെ വിടുവിച്ചു. അങ്ങനെയാണ് ഞാനീ സഭയിൽ വന്നത്. ഇങ്ങനെ ഒരു തീരുമാനം എന്തുകൊണ്ട് നിങ്ങൾ എടുക്കുന്നു എന്ന് അറിഞ്ഞാൽ കൊള്ളായിരുന്നു”

അപ്പോൾ പാസ്റ്റർ പ്രതിവചിച്ചു, “സഹോദരന്റെ ചില ചെയ്തികൾ ആർക്കും ഇഷ്ടപ്പെടുന്നില്ല, പ്രത്യേകിച്ച് സ്ത്രീകൾക്ക്” പാസ്റ്റർ അതു പറഞ്ഞപ്പോൾ അവന് കാര്യം എന്താണെന്ന് മനസ്സിലായില്ല. അപ്പോൾ അവൻ വീണ്ടും ചോദിച്ചു, “പാസ്റ്റർ ഒന്നു തെളിച്ചു പറഞ്ഞാൽ ഉപകാരമായിരുന്നു” അപ്പോൾ പാസ്റ്റർ തിരുവായ്മൊഴിഞ്ഞു, “ബ്രദർ എല്ലാവരെയും നോക്കി കണ്ണിറുക്കി കാണിക്കുന്നു എന്ന ഒരു പരാതി ഉയർന്നുവർന്നിരിക്കുന്നു. അത് ഞാനും പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്”

അപ്പോൾ അവൻ തലകുനിച്ചുകൊണ്ട് നിന്നു. എന്നിട്ട് സാവധാനം പറഞ്ഞു, “പാസ്റ്റർ എനിക്ക് blepharospasm (ബ്ലെഫറോസ്പാസം) എന്ന അസുഖമാണ്. ഈ അസുഖമുള്ളവർക്ക് കൺപോളകൾ അനിയന്ത്രിതമായി ഇറുകി അടഞ്ഞുകൊണ്ടേയിരിക്കും! കുറെക്കാലമയി ഇത് തുടങ്ങിയിട്ട്. ഇപ്പോൾ ഞാൻ ഇതിനായി മരുന്ന് കഴിച്ചുകൊണ്ടിരിക്കയാണ്. ദൈവം സൗഖ്യം തരേണ്ടതിനായി ദയവുചെയ്തു പ്രാർത്ഥിക്കുക”

അത് പറഞ്ഞിട്ട് അവൻ ഇറങ്ങിനടന്നു. അപ്പോൾ പാസ്റ്റർ എന്തു പറയണം എന്ന് അറിയാതെ അവനെ നോക്കിനിന്നു…

സഭ ഒരു ആതുരാലയം കൂടെയാണെന്നുള്ള കാര്യം നാം മറന്നുപോകരുത്! രോഗികൾ വരുമ്പോൾ രോഗം മനസ്സിലാക്കിയിട്ട് ചികിത്സ ചെയ്യേണ്ട ഡോക്ടർ അതു ചെയ്യാതെ, അല്ലെങ്കിൽ അതിന് മെനക്കെടാതെ രോഗിയെ തല്ലി ഓടിച്ചാൽ? തനിക്കെന്താ മര്യാദിക്ക് ജീവിച്ചുകൂടെ എന്ന് പറഞ്ഞ് ആട്ടിപ്പായിച്ചാൽ? ഡോക്ടർ ഡോക്ടർ പണിയിൽ അധികകാലം തുടരേണ്ടിവരത്തില്ല അല്ലെ?

കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുവാൻ കഴിയാതെ നാം പലപ്പോഴും പലതും ചെയ്തുകൂട്ടുന്നു, പറഞ്ഞുകൂട്ടുന്നു. ഫലമൊ? എത്രയോപേർ സഭവിട്ടുപോകുന്നു. വിശുദ്ധരും, പരമവിശുദ്ധരും, അതിവിശുദ്ധരും ഒക്കെ എന്ന് അവകാശപ്പെടുന്ന “വിശുദ്ധ വിശ്വാസികളും സഭാപാലകരും ഓർക്കുക:

“സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ.” (റോമർ 14:1)

“എന്നാൽ നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നിൽക്കേണ്ടിവരും.” (റോമർ 14:10).

“ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും. 13 അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ” (റോമർ 14:12-13)

“ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഓരോരുത്തൻ എണ്ണിക്കൊള്ളട്ടെ. 2 ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ. 3 നിങ്ങളോ മനുഷ്യർ കഴിക്കുന്ന വല്ല വിസ്താരത്തിലോ എന്നെ വിധിക്കുന്നതു എനിക്കു എത്രയും ലഘുകാര്യം; ഞാൻ എന്നെത്തന്നേ വിധിക്കുന്നതുമില്ല. 4 എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാൽ ഞാൻ നീതിമാൻ എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കർത്താവു ആകുന്നു. 5 ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും. 6 സഹോദരന്മാരേ, ഇതു ഞാൻ നിങ്ങൾനിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതു: എഴുതിയിരിക്കുന്നതിന്നു അപ്പുറം (ഭാവിക്കാതിരിപ്പാൻ) ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിന്നും ആരും ഒരുത്തന്നു അനുകൂലമായും മറ്റൊരുവന്നു പ്രതികൂലമായും ചീർത്തുപോകാതിരിക്കേണ്ടതിന്നും തന്നേ.” (1 കൊരിന്ത്യർ 4:1-6)

You might also like