ഇനിയുള്ള യിസ്രായേൽ; തൊട്ടു കളിക്കുന്നവർ അറിയുക, യിസ്രയേലിന്റെ ശക്തിയും ഭാവിയും

പാസ്റ്റർ പ്രിൻസ്സ്‌ നിലമ്പൂർ

0

ഇതു ഇന്നിന്റെ സന്ദേശമല്ല. പിന്നെയോ നാളെകളിൽ സംഭവിക്കാൻ പോകുന്നതാണ്. ഈ ലേഖനത്തിന്റെ ആധാരം വിശുദ്ധ ബൈബിൾ മാത്രമാണ്. നാളെകളിൽ ഈ ലേഖനം പലരും പരിശോധിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. പ്രത്യേകിച്ച് ദൈവസഭ ഭൂമിയിൽ നിന്ന് എടുക്കപ്പെട്ട ശേഷം.

യിസ്രായേൽ എന്ന രാഷ്ട്രത്തിനു മേൽ വലിയ വെല്ലുവിളികളും യുദ്ധ അന്തരീക്ഷങ്ങളും ഈ നാളുകളിൽ സജ്ജമായി കൊണ്ടിരിക്കുകയാണ്. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ വിരുദ്ധ കാര്യങ്ങളെ ചിലർ ന്യായീകരിക്കുന്നതും, ചിലർ എതിർക്കുന്നതും ശ്രദ്ധയിൽപ്പെടുന്നു. ഇസ്രായേലിനെ ഉപദ്രവിക്കുന്നവരും, അപവാദം പ്രചരിപ്പിക്കുന്നവരും അറിയാതെ പോകുന്ന ചില കാര്യങ്ങൾ ഈ ലേഖനത്തിൽ പരാമർശിക്കുവാൻ ആഗ്രഹിക്കുന്നു.

എന്താണ് യിസ്രയേലിനു സംഭവിക്കുന്നത് ?

ഇസ്രയേലിനു വന്നുഭവിക്കുന്ന ഓരോ അനർത്ഥങ്ങളും അവർ തന്നെ വിളിച്ചു വരുത്തുന്നതാണ്. കാരണം ദൈവം അവരുടെ മുൻപിൽ ഒരുക്കിയ എല്ലാ നല്ല അവസരങ്ങളും അവരുടെ പരീശഭക്തിയിലും ഹൃദയ കാഠിന്യത്തിലും അവർ നിഷേധിച്ചു കളഞ്ഞു. ദൈവം സ്നേഹിച്ചു തിരഞ്ഞെടുത്ത ആ ജനം ദൈവത്തിൽനിന്ന് അന്യപെട്ടുപോയി. (Deut 4:25-27, Micah 3:9-12, Hosea 4:6, Seph 3:7) എന്നാൽ ആ ജനത്തെ കുറിച്ച്, ദൈവത്തിന് ഒരു പദ്ധതിയും അതിനു പ്രകാരമുള്ള വാഗ്ദത്തങ്ങൾ അബ്രഹാം മുതൽ തന്നെയും ഉണ്ട്. ആയതിനാൽ ആ ജാതിയെ പൂർണമായി ഇല്ലായ്മചെയ്യാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ഒരു ജാതിയും നില നിൽക്കാതെ എന്നേക്കുമായി മുടിഞ്ഞുപോകും. അല്ലാതെ യിസ്രയേലിനെ ഇല്ലായ്മ ചെയ്യുവാൻ ഭൂമിയിൽ ഒരു ശക്തിക്കും സാധ്യമല്ല. (Micah 5:15, Isiah 10:20-34, 11:10-16)
എന്നാൽ യിസ്രായേലിനെ എതിർക്കുന്ന ജാതികൾക്കു യിസ്രായേലിന്റെ മനംമാറ്റത്തിന് ഒരു കാരണം ആകുവാൻ ചില നാളുകൾ അവരുടെ മേൽ ആധിപത്യം ലഭിച്ചേക്കാം. എന്നാൽ അവരുടെ അഹങ്കാരം നിമിത്തം അവർ ദൈവകോപം ഇരന്നു വാങ്ങുകയും ഒടുവിൽ യിസ്രയേലിന്റെ മഹാരാജാവ് യേശുക്രിസ്തുവിന്റെ മുമ്പിൽ യിസ്രയേലിന്റെ സകല ശത്രുക്കളും പൂർണ്ണമായി മുടിഞ്ഞു പോകും. (Isiah 10:5-17, Isiah 42:13, 66:6, 66:14, Micah 5:9)

ആരാണ് യിസ്രയേലിന്റെ ശത്രുക്കൾ ?

ആരാണ് യിസ്രയേലിനെ എതിർക്കുന്നവർ എന്നത് ചിന്തനീയമാണ്, ബൈബിൾ പറയുന്നത് അവർ എതിർക്രിസ്തുവിന്റെ സൈന്യം ആയിരിക്കും, അധർമ്മ മൂർത്തി ആണ് എതിർക്രിസ്തു, അപ്പോൾ അധർമ്മത്തിന്റെ മർമ്മം വഹിക്കുന്ന ഒരു കൂട്ടം രാജ്യങ്ങളുടെ സഖ്യം ആയിരിക്കും യിസ്രയേലിന്റെ ശത്രുക്കൾ. അവർ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ ആയിരിക്കും.
നൂറ്റാണ്ടുകൾക്ക് മുമ്പ് ബൈബിൾ അശ്ശൂർ Assyria എന്ന് വിളിക്കുന്ന പ്രദേശത്തിന്റെ അതിരുകൾ പങ്കിടുന്ന , ഇന്നത്തെ തുർക്കി ഇറാക്ക് ഇറാൻ സിറിയ തുടങ്ങിയ ഭൂപ്രദേശങ്ങൾ അടക്കം ഉൾപ്പെടുന്ന ഏകദേശം പത്തു രാജ്യങ്ങളുടെയും അവരുടെ സഹായകരുടെയും ഒരു സഖ്യം ആയിരിക്കും യിസ്രയേലിന്റെ ശത്രുക്കൾ. ( Isiah 7:20, 10:5, 10: 24, 8:7, 11:11, Eze 30:3- 5) അവർ ഉടലെടുക്കുന്ന കാലത്ത് വലിയ സമാധാനം എന്ന് പറഞ്ഞു വരുമ്പോൾ അതിൽ യിസ്രയേലും വഞ്ചിക്കപ്പെടുകയും പിന്നീട് ബദ്ധശത്രുത്വം രൂക്ഷമാകുകയും ചെയ്യും എന്ന് മനസ്സിലാക്കാം. (Isiah 24:14-28) ഇന്നത്തെ മൊസൂൾ എന്നറിയപ്പെടുന്ന നിനവേ എന്ന സ്ഥലത്തെ കുറിച്ച് ബൈബിൾ പറയുന്നത്, കാണുക ‘യഹോവെക്കു വിരോധമായി ദോഷം നിരൂപിക്കയും നിസ്സാരത്വം ആലോചിക്കയും ചെയ്യുന്നവൻ നിന്നിൽനിന്നു പുറപ്പെട്ടിരിക്കുന്നു.’ (നഹൂം 1:11) ഇവയെല്ലാം വിരൽ ചൂണ്ടുന്നത് ഇന്നത്തെ തീവ്രവാദ സ്വഭാവമുള്ള വിഭാഗങ്ങളുടെ യിസ്രായേൽ വിരോധങ്ങളിലേക്ക് ആണ്.

എന്താണ് പ്രധാന കാരണം❓️

ഭൂമിയാണ് പ്രധാന വിഷയം, യിസ്രയേലിനു ദൈവം അവകാശമായി നൽകുമെന്ന് പറഞ്ഞ വാഗ്ദത്ത ഭൂമിയുടെ അതിരുകൾ നൈൽ നദി മുതൽ യൂഫ്രട്ടീസ് നദി വരെയുള്ള ഏകദേശം 2500 കിലോ മീറ്റർ ചുറ്റളവിൽ ഉള്ള വലിയ പ്രദേശമാണ്, അതായത് ഈജിപ്ത് മുതൽ ഇറാക്ക് വരെയുള്ള സ്ഥലം. (ഉല്പത്തി 15:18). ഇത് വരെയും ഇത്രയും വലിയ പ്രദേശം യിസ്രായേൽ അവകാശത്തിൽ വെച്ചിട്ടില്ല. എന്നാൽ അത് യിസ്രായേൽ നേടുന്നതിനുള്ള വഴി ഇന്ന് അവിടെയുള്ള ഭരണകൂടങ്ങൾ തന്നെ ഒരുക്കും, അതിനു അവർ അധർമ്മത്തിന്റെ മർമ്മം വ്യാപാരിച്ചു ഇസ്രയേലിനെ ഉപദ്രവിക്കും, ഇസ്രായേൽ തിരിച്ചടിക്കുമ്പോൾ പലരും ഭീതിതരാകും.
എന്നാൽ അധർമ്മ മൂർത്തിയുടെ സൈന്യം സഖ്യം ചേർന്നു യിസ്രയേലിനെ ചിതറിച്ചു കളയും.( Joel 3:2, Seph 3:10) അവർ ഇനിയും പ്രവാസങ്ങളിൽ പാർക്കേണ്ടി വരും. യെരുശലേമിൽ അധർമ്മമൂർത്തി വന്നു നിൽക്കും, (Dan 9: 27, 11:41) അവൻ അവിടെയുള്ള യിസ്രയേലിനെ നിർബാധം ഉപദ്രവിക്കും. യിസ്രയേലിൽ ഒരു കൂട്ടം അവന്റെ വഞ്ചനകൾക്കും അധർമ്മത്തിനും കീഴ്പ്പെടാതെ സഹിച്ചു നിൽക്കും. എന്നാൽ എതിർക്രിസ്തുവിന്റെ അനുവദിക്കപ്പെട്ട അല്പനാളുകൾ കഴിയുമ്പോൾ യിസ്രയേലിന്റെ ഉദ്ധാരകൻ യേശുക്രിസ്തു ആകാശത്ത് നിന്ന് സകലവിശുദ്ധരും ആയി ഇറങ്ങി വരും. യേശുക്രിസ്തു യിസ്രയേലിന്റെ സകല ശത്രുക്കളെയും മുടിച്ചു കളഞ്ഞു യിസ്രായേൽ പുനസ്ഥാപിക്കും. യിസ്രയേലിന്റെ ശേഷിപ്പ് ഭൂമിയിൽ അനുഗ്രഹിക്കപ്പെടും. (Isiah 27:12-13, 60:10-18, Eze 34:12, Mathew 24:31, Jude 1:15, Rev 19:14-21)

യിസ്രയേലും ഇന്നിന്റെ ലോകവും

വരുവാനിരിക്കുന്ന യുദ്ധഭൂമിയിൽ യിസ്രയേലിന്റെ സഹായകരിൽ പലരും ഉണ്ടാകും. (Mathew 25 :31-40) ഇന്നത്തെ നിലപാടുകൾ കൊണ്ട് സഹായിക്കുന്നവരിൽ മറ്റു പല രാജ്യങ്ങൾക്കുമൊപ്പം
അമേരിക്കയും ഇന്ത്യയും ഉണ്ടാകും എന്ന് കരുതാം. കാരണം തീവ്രവാദം ചെറുക്കുന്ന കാര്യത്തിൽ മുന്നിൽ ഉള്ള രാജ്യങ്ങൾ യിസ്രയേലിന്റെ ശത്രുക്കളുടെ വെല്ലുവിളി കൂടിയാണ്. അതേ സമയം ഭരണകൂടങ്ങളുടെ ആടിയുലയുന്ന സ്വഭാവം വെച്ച് ഏതൊക്കെ രാജ്യങ്ങൾ ഉണ്ടാകും എന്ന് ഉറപ്പിച്ചു പറയുവാൻ കഴിയില്ല. മാത്രമല്ല, ഈ പറയുന്ന രാജ്യങ്ങളുടെ സഹായം കൊണ്ട് യിസ്രായേൽ അവരുടെ ലക്ഷ്യം നേടുകയുമില്ല, പിന്നെയോ യിസ്രയേലിനെ സഹായിക്കുന്നവർക്കും വെല്ലുവിളികൾ ഉണ്ടാകുകയേ ഉള്ളൂ.
എന്നാൽ യിസ്രയേലിനെ സഹായിക്കുന്നവർക്ക് പിന്നീട് ആശ്വാസകാലങ്ങൾ ഉണ്ടാകും എന്ന് ചിന്തിക്കാം, (Mathew 25: 31-40) കാരണം അവർ യിസ്രയേലിന്റെ ശത്രുക്കൾക്ക് ഉണ്ടാകുവാൻ പോകുന്ന സർവ്വ സംഹാരത്തിൽ മുടിഞ്ഞുപോകയില്ല. അതുകൊണ്ട് ഇന്നത്തെ ഇന്ത്യയുടെ നിലപാട് ഒരു സർവ്വസംഹാരത്തിൽ പെടാതെ നിൽക്കുന്നതാണ് എന്ന് ഞാൻ അനുമാനിക്കുന്നു. അല്ല ഞങ്ങൾ ഇന്ത്യയെയും മുടിക്കും എന്ന് പറയുന്ന ശത്രുക്കൾ ഉണ്ടെങ്കിൽ അവരെ നമുക്ക് നിസംശയം തീവ്രവാദികൾ എന്ന് വിളിക്കാം.

യിസ്രയേലിന്റെയും ലോകത്തിന്റെയും ഭാവി

യേശു ക്രിസ്തു മഹാരാജാവായി ഭൂമിയെ ഭരിക്കുമ്പോൾ, സകലഭൂമിയിലുമുള്ള രാജ്യങ്ങൾ യിസ്രയേലിന്റെ മഹാരാജാവിനെ സ്തുതിക്കും. (Isiah 60:2,10-11, Rev 21:24) യേശുക്രിസ്തു സർവ്വ ഭൂമിക്കും രാജാവായിരിക്കും. അന്ന് ഇന്നത്തെ തീവ്രവാദരാജ്യങ്ങളും എതിർക്രിസ്തുവിന്റെ അണികളും ആയവർ ശേഷിക്കയില്ല. (Isiah 10:12) ഭൂമിയിൽ സമാധാനം കൈവരും. (Jere 30:16-24, 33:6-7, Eze 37:26, Haggai 2:9). എതിർക്രിസ്തുവിന്റെയും സൈന്യത്തിന്റെയും ശക്തിയായ പിശാച് ബന്ധിക്കപ്പെടും. ആയിരം വരഷങ്ങൾക്ക് ശേഷം അവന്റെ അന്ത്യനാശത്തിനായി തുറന്നുവിടും, ശേഷം അവന്റെ പ്രവർത്തികളാൽ പിശാചിന്റെ സകല അധികാരവും എന്നേക്കും തീപ്പൊയ്കയിൽ എറിയപ്പെടും. (Rev 20:7-10)

അന്നോളം ജീവിച്ചു മരിച്ചസകലരുടെയും അന്ത്യ ന്യായവിധി ഉണ്ടാകും, ജീവപുസ്തകത്തിൽ പേര് എഴുതി കാണാത്ത എവനെയും തീപ്പൊയ്കയിൽ തള്ളിയിടും. (Rev 20: 11-15) തുടർന്നുള്ള ഭൂമിയും ആകാശവും പുതുതാക്കപ്പെടും,
“ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.” (വെളിപ്പാടു 21:3). Amen.

You might also like